ഇടുക്കി:'പടയപ്പ'യുടെ മുന്‍പിൽ പെട്ട് വിദ്യാർഥികളുമായി എത്തിയ സ്‌കൂൾ ബസ്. തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിൽ ഇന്നലെ (നവംബർ 27) വൈകിട്ടാണ് സംഭവമുണ്ടായത്. സ്‌കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പ എന്ന ആനയുടെ മുമ്പിൽപ്പെടുകയായിരുന്നു.
ആനയെ കണ്ടതോടെ സ്‌കൂൾ ബസ് നിർത്തിയിട്ടു. എന്നാൽ ബസിന് നേരെ പടയപ്പ പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ട് വിദ്യാർഥികൾ ഭയന്നു നിലവിളിച്ചു. പിന്നീട് ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഡ്രൈവറുടെ മനസാന്നിധ്യമാണ് ഇവിടെ വിദ്യാർഥികൾക്ക് രക്ഷയായത്. അതേസമയം ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുമ്പിൽപ്പെട്ടിരുന്നു. ആനയെ കണ്ട് ഭയന്ന് അയാൾ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയും ചെയ്‌തു.