ഇടുക്കി:വരൾച്ചയെ തുടർന്നുള്ള കൃഷിനാശം വിലയിരുത്താൻ കൃഷിമന്ത്രി ജില്ലയിൽ സന്ദർശനം നടത്തുമ്പോഴും കാട്ടാനക്കൂട്ടം മലയോരത്തെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുകയായിരുന്നു. കഴിഞ്ഞ 3 ദിവസങ്ങളായി ബൈസൺവാലി നെല്ലിക്കാട്ടിലെ സ്വകാര്യ ഏലത്തോട്ടങ്ങളിൽ തമ്പടിച്ച ആറ് കാട്ടാനകളുടെ കൂട്ടം ഏലച്ചെടികൾ ചവിട്ടി നശിപ്പിച്ചു. ചൊക്രമുടിയിൽ നിന്ന് ഉപ്പള വഴിയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയായ നെല്ലിക്കാട്ടിലെത്തിയത്.
ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന നെല്ലിക്കാട്ടിലേക്ക് കാട്ടാനയെത്തിയതോടെ ആളുകൾ പരിഭ്രാന്തരായി. തുടർന്ന് കഴിഞ്ഞ ബുധനാഴ്‌ച രാവിലെ 9ന് ചിന്നക്കനാൽ സ്പെഷ്യൽ ആർആർടി അംഗങ്ങളുടെ ആറംഗ സംഘം സ്ഥലത്തെത്തി കാട്ടാനകളെ തുരത്താൻ ശ്രമമാരംഭിച്ചെങ്കിലും കനത്ത മഴ തടസമായി. വൈകുന്നേരം നാലിനാണ് ഈ കാട്ടാനക്കൂട്ടത്തെ ആർആർടി സംഘം ചൊക്രമുടി വനമേഖലയിലേക്ക് തുരത്തിയത്.