പത്തനംതിട്ട :കോന്നി കല്ലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയയാളെ കാട്ടാന കുത്തിക്കൊന്നു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ദിലീപിന്‍റെ ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ (20-03-2024) രാത്രി എട്ടുമണിയോടെ കല്ലാറ്റില്‍ ഏഴാന്തല ഭാഗത്താണ് സംഭവം.
സംഭവം അറിഞ്ഞ് വനപാലകര്‍ സ്ഥലത്ത് എത്തി. ചൊവ്വാഴ്‌ച രാത്രിയിലും ദിലീപും കൂട്ടുകാരും കല്ലാറ്റിൽ മീൻ പിടിക്കാൻ പോയപ്പോൾ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നുണ്ട്. കാട്ടാന അവരെ ഓടിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്നലെ മനോജും സുഹൃത്തും മാത്രമാണ് മീൻ പിടിക്കാൻ എത്തിയത്. ഈ ഭാഗത്ത് പകൽ പോലും കാട്ടാന ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടുകൊമ്പനെ തുരത്താന്‍ വനം വകുപ്പ് :ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഇറങ്ങി നിരന്തരം ജീവനും, സ്വത്തിനും ഭീഷണി സൃഷ്‌ടിച്ചുവരുന്ന സാഹചര്യത്തിൽ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള വനം വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് പടയപ്പ പ്രേമികൾ രംഗത്ത്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും ഉചിതമായ തീരുമാനമാണ് വനം വകുപ്പിൻ്റേതെന്നാണ് പടയപ്പ പ്രേമികളുടെ അഭിപ്രായം (padayappa).
മുമ്പ് ശാന്ത സ്വഭാവിയായിരുന്ന പടയപ്പ, വികസനങ്ങളുടെ ഭാഗമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്നാണ് ജനവാസ മേഖലകളിൽ എത്തുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു. പടയപ്പയുടെ സഞ്ചാരപഥങ്ങളിൽ വേലികൾ സ്ഥാപിക്കുകയും അതുപോലുള്ള മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും മൂലമാണ് ജനവാസ മേഖലകളിൽ എത്തുന്നത് എന്നും മൃഗസ്നേഹിയും പരിസ്ഥിതി പ്രവർത്തകനുമായ ആർ. മോഹൻ പറഞ്ഞു.
ഉപദ്രവകാരികളായ വന്യജീവികളെ പിടികൂടി പുനരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങളൊക്കെ ദീർഘകാല വീക്ഷണത്തോടുകൂടി നടപ്പിലാക്കേണ്ടതാണ്. അതേസമയം പടയപ്പയെ നിരീക്ഷിക്കുവാൻ ചുമതലപ്പെടുത്തിയ പ്രത്യേക സംഘം രണ്ടാം ദിവസവും കാട്ടുകൊമ്പനെ നിരീക്ഷിക്കുന്ന ദൗത്യത്തിലാണ്.
സാഹചര്യങ്ങൾ അനുകൂലമാകുന്നതോടെ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തുവാൻ ഉള്ള നീക്കങ്ങളുമായിട്ടാണ് നിരീക്ഷണ സംഘം പ്രവർത്തിച്ചുവരുന്നത്. മദപ്പാട് കാണുകയും തുടർന്നുള്ള ദിവസങ്ങളിൽ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്‌ത പടയപ്പ അപകടകാരിയായി മാറുന്ന പക്ഷം മയക്കുവെടി വയ്ക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്ന് വനം വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
അതേസമയം മൂന്നാർ മേഖലയിൽ തലവേദനയാകുന്ന പടയപ്പയ്ക്കായി സോഷ്യൽ മീഡിയയിൽ 'സേവ് പടയപ്പ' ക്യാംപയിൻ സജീവമാണ്. ‘സേവ് പടയപ്പ’ ക്യാംപയിനുമായി മൃഗസ്നേഹികളും പടയപ്പ ഫാൻസ് അസോസിയേഷനും രംഗത്തുണ്ട് (padayappa).