മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി പത്തനംതിട്ട :കോന്നി ഗവ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലേക്ക് കാട്ടുപന്നി പാഞ്ഞുകയറിയത് പരിഭ്രാന്തി പരത്തി. ആശുപത്രിയുടെ തുറന്നിട്ട വാതിലിലൂടെയാണ് കാട്ടുപന്നി പാഞ്ഞുകയറിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. ഈ സമയം ഈ ഭാഗത്ത് രോഗികൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
ആശുപത്രിക്ക് പുറത്തുവച്ച് തെരുവ് നായ്ക്കൾ ആക്രമിക്കാൻ എത്തിയതോടെയാണ് പന്നിക്കുഞ്ഞ് ഓടിക്കയറിയത് എന്നാണ് കരുതുന്നത്. അത്യാഹിത വിഭാഗത്തിൽ അകപ്പെട്ട കാട്ടുപന്നി പുറത്തേക്ക് പോകാനുള്ള വഴി തേടി പാഞ്ഞുനടന്നു. ഇതിനിടെ സുരക്ഷാ ജീവനക്കാർ ഉൾപ്പടെ ശബ്‌ദമുണ്ടാക്കിയതോടെ പന്നി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
ഇടുക്കിയെ വിടാതെ കാട്ടുകൊമ്പന്‍ പടയപ്പ :വീണ്ടും മൂന്നാറിനെ ഭീതിയിലാഴ്‌ത്തി കാട്ടുകൊമ്പന്‍ പടയപ്പ. ഏപ്രിൽ 9 ന് രാത്രിയിലും 10 ന് പുലർച്ചെയുമായാണ് പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങിയത്. മൂന്നാര്‍ കുറ്റിയാർവാലി റോഡിൽ ഗ്രാംസ്ലാൻഡ് ഭാഗത്താണ് പടയപ്പ ഏപ്രിൽ 9 ന് രാത്രിയില്‍ ഗതാഗത തടസം തീർത്തത്.
അരമണിക്കൂറോളം സമയം പടയപ്പ അവിടെ നിലയുറപ്പിച്ചിരുന്നു. പിന്നീട് ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തുകയായിരുന്നു. എന്നാല്‍ ഏപ്രിൽ 10 ന് പുലർച്ചെയോടെ മറ്റൊരു ആനക്കൂട്ടത്തോടൊപ്പം പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തുകയായിരുന്നു. കൊരണ്ടിക്കാട് എസ്‌റ്റേറ്റ് വേൽമുടി ബംഗ്ലാവിന് സമീപമായിരുന്നു കാട്ടാനക്കൂട്ടമെത്തിയത്. ആറ് ആനകളടങ്ങുന്ന മറ്റൊരു ആനക്കൂട്ടത്തോട് ഒപ്പമാണ് പടയപ്പ ജനവാസ മേഖലയിൽ എത്തിയത്.
കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി മേഖലയില്‍ ഇറങ്ങിയ പടയപ്പ വഴിയോര വില്‍പ്പനശാലയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ദിവസമിത്രയായിട്ടും കാട്ടുകൊമ്പന്‍ കാടുകയറാന്‍ തയ്യാറാകാത്തത് വലിയ പ്രതിസന്ധി തീര്‍ക്കുകയാണ്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ പടയപ്പ ജനവാസ മേഖലയില്‍ എത്തി നാശം വരുത്തുന്ന സ്ഥിതിയുണ്ട്. ആര്‍ ആര്‍ ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ടെങ്കിലും വന അതിര്‍ത്തികളിലൂടെ സഞ്ചരിച്ച് കാട്ടുകൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പ്രതിസന്ധിയാവുന്നുണ്ട്.
ALSO READ : ജനവാസ മേഖലയില്‍ കാട്ടാന എത്തുന്നത് പതിവ്, പ്രതിസന്ധിയില്‍ പീരുമേട് പ്രദേശവാസികൾ