കോഴിക്കോട് :കൊടിയത്തൂർ തോട്ടുമുക്കത്ത് റിട്ടയേർഡ് അധ്യാപികയെ പട്ടാപകൽ കാട്ടുപന്നി അക്രമിച്ച സംഭവത്തിൽ നടപടിയുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഞായറാഴ്‌ച (03-03-2024) പ്രദേശത്ത് കാടിളക്കി നായാട്ട് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു അറിയിച്ചു.
കാട്ടുപന്നികളെ വെടിവയ്‌ക്കാൻ വിദഗ്‌ധരായ എം പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന നായാട്ടിൽ പ്രദേശത്തെ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനാവുമെന്നാണ് പ്രതീക്ഷ. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ക്രിസ്‌റ്റീനയ്‌ക്ക് അടിയന്തരമായി പതിനായിരം രൂപ നൽകുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
ബുധനാഴ്‌ച (28-02-2024) രാവിലെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ റിട്ട: അധ്യാപിക നടുവത്താനിയിൽ ക്രിസ്‌റ്റീനയ്‌ക്ക് (74) കൈക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്. തോട്ടുമുക്കം ഗവർൺമെന്റ് യു പി സ്‌കൂളിന്‍റെയും സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ഇടയിൽ വെച്ചാണ് ആക്രമണമുണ്ടായത്.
വീട്ടുമുറ്റത്ത് ജോലിചെയ്യുന്നതിനിടെ പെട്ടെന്ന് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. സ്‌കൂൾ കുട്ടികളുടെ ഇടയിലേക്കും കാട്ടുപന്നി ഓടിക്കയറിയെങ്കിലും കുട്ടികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
കാട്ടുപന്നികള്‍ കൂട്ടത്തോടെ പാഞ്ഞെത്തി; സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു, യുവതിക്ക് പരിക്ക് :ഇടുക്കി ആനച്ചാലില്‍കാട്ടുപന്നി ഇടിച്ചിട്ട സ്‌കൂട്ടര്‍ യാത്രികയ്‌ക്ക് പരിക്ക്. ആനച്ചാല്‍ സ്വദേശിനി ധന്യയ്‌ക്കാണ് പരിക്കേറ്റത്. ഫെബ്രുവരി 28 ന് രാവിലെ ബൈസന്‍വാലിയിലെ ടി ഫാക്‌ടറിക്ക് സമീപത്താണ് സംഭവം.
സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഒരുക്കൂട്ടം പന്നികള്‍ റോഡ് മുറിച്ച് കടക്കാനെത്തിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇവ സ്‌കൂട്ടിറില്‍ ഇടിച്ചു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിയുകയായിരുന്നു. വീഴ്‌ചയില്‍ കൈകാലുകള്‍ക്ക് പരിക്കേറ്റ യുവതിയെ ആനച്ചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10ലധികം പന്നികളാണ് കൂട്ടത്തോടെ റോഡിലെത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ALSO READ : തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണം റിട്ടയേർഡ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്