ഇടുക്കി: ജില്ലയില്‍ വന്യജീവിശല്യം തടയാനായുള്ള റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ വന്യജീവി ആക്രമണങ്ങളും അവ നേരിടുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കളക്‌ടറേറ്റില്‍ സംഘടിപ്പിച്ച സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി(Wild Animal attacks).
നിലവില്‍ പത്ത് ആര്‍ആര്‍ടിയും രണ്ട് സ്‌പെഷ്യല്‍ ടീമുകളുമാണ് ജില്ലയിലുള്ളത്. മൂന്നാറിലെ പടയപ്പയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക വനംവകുപ്പ് സംഘത്തെ നിയോഗിക്കും. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ക്കും മറ്റുമായി നിലവിലുള്ള വിവിധ ജാഗ്രതാസമിതികള്‍ക്കു പുറമെ എം.പി,എം.എല്‍.എ, എല്‍.ഡി,എഫ്, യു.ഡി.എഫ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി രാഷ്ട്രീയ നിരീക്ഷണ സമിതി രൂപികരിക്കും. ഹോട്‌സ്‌പോട് ഏരിയകള്‍ കണ്ടെത്തി വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ തന്നെ ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി തീരുമാനമെടുക്കും(All party meeting).
കൂടുതല്‍ സ്ഥലങ്ങളില്‍ എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തികള്‍ മനസിലാക്കി ദൂരം കണക്കാക്കി ഫെന്‍സിങ് സ്ഥാപിക്കും. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയും നബാഡിന്‍റെ ഫണ്ട് ഉപയോഗിച്ചും സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കും.