പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിന്‍റെ വാലുപിടിച്ചുള്ള ചൂടൻ ചർച്ചകളും രാഷ്‌ട്രീയ കോലാഹലങ്ങളും സൈബറിടത്തിലും മറ്റ് മാധ്യമങ്ങളിലുമെല്ലാം തകൃതിയായി നടക്കുന്നുണ്ട്. സിപിഎം അനുഭാവ പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുകൊണ്ട് കഴിഞ്ഞ 10 വർഷത്തിലേറെയായി പോരാളി ഷാജി നമ്മുടെ സൈബർ ഇടങ്ങളിൽ കറങ്ങി നടക്കുന്നു. പലതവണ പൂട്ടിയും തുറന്നും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പേജിന് 76,000ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
മോഹൻലാൽ, മേജർ രവി, ദിലീപ്, പൃഥ്വിരാജ്, ഫ്ലവേഴ്‌സ് കോമഡി, പിന്നെ ഒന്ന് രണ്ട് ട്രോൾ പേജുകളെ പോരാളി ഷാജി തിരിച്ചും ഫോളോ ചെയ്യുന്നുണ്ട്. പോരാളി ഷാജിയുടെ മുഖമായ ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളുടെ ഘോഷയാത്രയായിരുന്നു.
പോരാളി ഷാജിക്കും ബിജെപിക്കും എന്താണ് ബന്ധം?. പോരാളി ഷാജിയുടെ മുഖം ജനസേന പാർട്ടിയുടെതോ?. അങ്ങനെ കിട്ടാവുന്ന ടൈറ്റിലുകളിൽ ഒക്കെ വാർത്തകൾ നിറയുകയാണ്.
പോരാളി ഷാജിയുടെ പ്രൊഫൈൽ പിക് തെലുഗു സൂപ്പർതാരവും ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്തിയുമായ 'പവർ സ്റ്റാർ' പവൻ കല്യാണിന്‍റേതാണ്. അത്യാവശ്യം ഇതര ഇന്ത്യൻ ഭാഷ സിനിമകളൊക്കെ കാണുന്ന ഒരാൾക്ക് പവൻ കല്യാണിനെ അറിയാമായിരിക്കും. തെലുഗു സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ സഹോദരൻ കൂടിയാണ് പവൻ കല്യാൺ.
പവൻ കല്യാൺ സിനിമകളും കഥാപാത്രങ്ങളും:പവൻ കല്യാൺ സിനിമകൾ പരിശോധിച്ചാൽ മനസിലാവുന്ന ചില കാര്യങ്ങളുണ്ട്. മിക്ക സിനിമകളിലും തന്‍റേതായ ഐഡന്‍റിറ്റി പിന്തുടരാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നീളൻ മുടി, ഒരേ രീതിയിലുള്ള മീശ, ഒരേ സ്വഭാവം കാത്തുസൂക്ഷിക്കുന്ന വസ്‌ത്രധാരണം, ഒരേ ഹെയർ സ്റ്റൈൽ... അതിപ്പോ കഥാപാത്രം കാമുകൻ ആണെങ്കിലും ഡോൺ ആണെങ്കിലും പൊലീസ് ആണെങ്കിലും കോളജ് വിദ്യർഥി ആണെങ്കിലും അടിമുടി മാറിയുള്ള ഒരു മാറ്റത്തിന് പവൻ കല്യാൺ മുതിർന്നിട്ടില്ല. ചിലപ്പോൾ താടി വയ്‌ക്കും ചിലപ്പോൾ താടിയും ഉണ്ടാകില്ല.
കരാട്ടെ രാജയോ പവൻ കല്യാണോ? ഇതിനിടെ പോരാളി ഷാജിയുടെ മുഖം തമിഴ് നടൻ കരാട്ടെ രാജയുടേതാണെന്ന തരത്തിലും ചർച്ചകൾ ഉയരുന്നുണ്ട്. പോരാളി ഷാജിയുടെ മുഖമായി ഉപയോഗിച്ചിരിക്കുന്ന പവൻ കല്യാണിന്‍റെ ചിത്രത്തിന് തമിഴ് നടൻ കരാട്ടെ രാജയുമായി നല്ല സാമ്യമുണ്ട്. പോക്കിരി, ഗില്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏവർക്കും സുപരിചിതനാണ് കരാട്ടെ രാജ. പോക്കിരിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കൂട്ടാളിയായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഒറ്റനോട്ടത്തിൽ പോരാളി ഷാജിയെ കരാട്ടെ രാജയായി തെറ്റിദ്ധരിച്ചവർ ഏറെയാണ്.
ഇനി ഷാജിയുടെ മുഖചിത്രത്തിന് പിന്നിലെ കൗതുകങ്ങൾ അറിയാം. ചുവന്ന ടീ-ഷർട്ട് ധരിച്ച് കൊമ്പൻ മീശയുള്ള പവൻ കല്യാണിന്‍റെ ആ ചിത്രം 2010ൽ റിലീസ് ചെയ്‌ത 'പുലി' എന്ന സിനിമയിലെ ടൈറ്റിൽ പോസ്റ്ററാണ്. ചിത്രത്തിലെ പല രംഗങ്ങളിലും അദ്ദേഹം ഈ ചുവന്ന ടീഷർട്ട് ധരിക്കുന്നുണ്ട്. പ്രധാനമായും റൊമാന്‍റിക് രംഗങ്ങളിലും അമ്മയുമായുള്ള വൈകാരിക രംഗത്തിലും, എന്തോരു വിരോദാഭാസം അല്ലേ?