എറണാകുളം: ഉമാ തോമസിന് പരിക്കേൽക്കാനിടയായ കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ സംഘാടകർക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഉമാ തോമസിന് പരിക്കേറ്റ ശേഷവും പരിപാടി കുറച്ചു നേരത്തേക്കെങ്കിലും എന്തുകൊണ്ടു നിർത്തിവച്ചില്ലെന്ന് കോടതി ചോദിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ എം നിഗോഷ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി വിമര്‍ശനം.
കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിന്മേൽ പാലാരിവട്ടം പൊലീസെടുത്ത കേസിലാണ് സംഘാടകരായ മൃദംഗ വിഷൻ ഉടമ എം നിഗോഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ. മനുഷ്യത്വം എന്നൊന്നില്ലേയെന്ന് ചോദിച്ച സിംഗിൾ ബഞ്ച് എം എൽ എയ്ക്ക് എന്ത് സംഭവിച്ചെന്ന് അന്വേഷിക്കാനുളള ബാധ്യത സംഘാടകർക്കുണ്ടായിരുന്നില്ലേയെന്നും കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മനുഷ്യ ജീവന് വിലയില്ലാതായി, സംഘാടകര്‍ക്ക് പണം മാത്രം മതി. സാധാരണ മനുഷ്യന്‍ വീണാലും പരിപാടി നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. പങ്കെടുത്തവരില്‍ നിന്ന് സംഘാടകര്‍ എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്ന് ചോദ്യമുന്നയിച്ച കോടതി പരിപാടിയുടെ ബ്രോഷര്‍, നോട്ടിസ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും സംഘാടകര്‍ ഹാജരാക്കാനും നിർദേശം നൽകl.
നൃത്ത പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും നൃത്ത വിദ്യാലയങ്ങൾ വഴി രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ സംഘാടകർ പിരിച്ചെടുത്തു. തന്‍റെ പക്കൽ നിന്നും 360O രൂപ ഗിന്നസ് റെക്കോഡ് സാക്ഷ്യപത്രം വാഗ്‌ദാനം ചെയ്‌ത് വാങ്ങി വഞ്ചിച്ചതായി ചൂണ്ടിക്കാട്ടി ബിജി ഹിലാൽ എന്ന രക്ഷിതാവ് നൽകിയ പരാതിയിന്മേൽ പാലാരിവട്ടം പൊലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് കൂടി സംഘാടകർക്കെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.