രാജ്യത്തിന്‍റെ വിവധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പുതിയ തീരുമാന പ്രകാരം ബിഹാർ ഗവർണറായിരുന്ന രാജേന്ദ്ര ആർലേകറിനെയാണ് കേരളത്തിന്‍റെ പുതിയ ഗവര്‍ണറായി നിയമിച്ചത്.
കേരളത്തിന്‍റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്‌ട്രപതിയുടെ ഉത്തരവിറങ്ങി. കേരള ഗവര്‍ണറായി ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേകര്‍ ഉടന്‍ ചുമതലയേറ്റെടുക്കും. കേരളത്തിലെ 23ാമത്തെ ഗവർണർ ആണ് രാജേന്ദ്ര ആർലേകർ. ഇതോടെ ആരാണ് പുതിയ കേരള ഗവർണർ എന്നതാണ് ചർച്ച.
ആരാണ് രാജേന്ദ്ര ആർലേകർ: ഗോവയില്‍ നിന്നുള്ള നേതാവാണ് രാജേന്ദ്ര ആർലേകർ. ബിജെപി കേന്ദ്രനേതൃത്വവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ ഉറച്ച ആര്‍എസ്എസുകാരനാണ്. ഗോവയിൽ നീണ്ടകാലം രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിരുന്നു.
1989 മുതലാണ് അദ്ദേഹം ബിജെപിയില്‍ സജീവമായി പ്രവര്‍ത്തനമാരംഭിച്ചത്. 1980 മുതൽ ഗോവയിലെ ബിജെപിയുടെ അംഗമാണ് അദ്ദേഹം. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റെ ചെയര്‍മാന്‍, ഗോവ എസ്‌സി ആൻഡ് അദര്‍ ബാക്ക്‌വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബിജെപി സൗത്ത് ഗോവ പ്രസിഡന്‍റ് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.