കോഴിക്കോട് : നിങ്ങളിൽ പലരും മോഹന്‍ലാല്‍ വരുമോ, ഇല്ലയോ എന്ന് സംശയിക്കുന്നുണ്ടാവും... 'കോട്ടയം കുഞ്ഞച്ചൻ' എന്ന സിനിമയിൽ ജഗതി ശ്രീകുമാറിന്‍റെ കഥാപാത്രം കോനയിൽ കൊച്ചാപ്പി പറഞ്ഞത് പോലെ, മലബാറിൽ ഇപ്പോൾ ഒരു ചോദ്യമേയുള്ളൂ. മെസി വരുമോ? ഇല്ലയോ?.
പക്ഷേ മോഹൻലാൽ വരും... വരില്ലേ..? കൊച്ചാപ്പിക്ക് സംശയമുണ്ടായിരുന്നു. ഒപ്പം ശുഭാപ്‌തി വിശ്വാസവും. പക്ഷേ കായിക മന്ത്രി വി അബ്‌ദുറഹിമാന് ഇപ്പോഴും സംശയമാണ്. മെസി വരുമായിരിക്കും..!
ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഉൾപ്പെടുന്ന അർജന്‍റീന ടീം ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി അബ്‌ദുറഹിമാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരളത്തിൽ സൗഹൃദ മത്സരത്തിന് എത്തുന്നത് സംബന്ധിച്ച സംസ്ഥാന കായിക മന്ത്രിയുടെ പ്രഖ്യാപനത്തിൽ ഇപ്പോൾ എന്തോ ഒരു ആശയക്കുഴപ്പം.
ചെറുവണ്ണൂർ മറീനയിൽ സ്വകാര്യ പരീക്ഷാപരിശീലന കേന്ദ്രം വിദ്യാർഥികൾക്കായി തുറന്നു കൊടുത്തപ്പോഴാണ് മെസി വരും എന്ന് പറഞ്ഞത്. എന്നാൽ, പിന്നീട് ഇതു സംബന്ധിച്ച വിശദീകരണത്തിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്‌തു. ഒക്ടോബർ 25ന് കേരളത്തിലെത്തുന്ന മെസി നവംബർ രണ്ടുവരെ കേരളത്തിൽ തുടരുമെന്നാണു മന്ത്രി പറഞ്ഞത്.
രണ്ടു സൗഹൃദ മത്സരങ്ങൾക്കു പുറമേ 20 മിനിറ്റുള്ള ഒരു പൊതുപരിപാടിയിലും മെസി പങ്കെടുക്കുമെന്ന് മന്ത്രി വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങൾ മന്ത്രിയുടെ പ്രതികരണം തേടിയത്. എന്നാൽ 'ഇതു നമുക്കു പിന്നെപ്പറയാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി. സ്വകാര്യചടങ്ങിൽ മോട്ടിവേഷൻ ക്ലാസിനിടെ കുട്ടികളോടു മന്ത്രി 'അങ്ങ് തള്ളിവിട്ടതാണ്' എന്നാണ് നാട്ടിലെ സംസാരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുട്ടികൾക്ക് പ്രചോദനമാകുന്ന തരത്തിലാണ് താൻ മറുപടി നൽകിയതെന്നും അർജന്‍റീന ടീമിന്‍റെ വരവുമായി ബന്ധപ്പെട്ട തീയതിയും മറ്റും പിന്നീട് പറയാമെന്നുമാണ് കായിക മന്ത്രി വ്യക്തമാക്കിയത്. മന്ത്രി പറഞ്ഞ തീയതികളിൽ സംശയം പ്രകടിപ്പിച്ച് സമൂഹ മാധ്യമങ്ങളിലും പോസ്റ്റുകൾ നിറയുന്നുണ്ട്. ഒക്ടോബർ അവസാന വാരം അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള വിൻഡോ അല്ലെന്നാണ് ആരാധകരിൽ ചിലർ വാദിക്കുന്നത്.
2030 വരെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താരങ്ങളെ ക്ലബുകൾ വിട്ടുനൽകേണ്ട തീയതികൾ 2023ൽ ഫിഫ പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച് ഈ വർഷം ഒക്ടോബർ ആറ് മുതൽ 14 വരെയും നവംബർ 10 മുതൽ 18 വരെയുമാണ് അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേളയെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
പ്രാരംഭ ചർച്ചകൾ കഴിഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ തീയതി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ ഉറപ്പ് നൽകിയിട്ടില്ലെന്നാണ് സൂചന. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ബന്ധപ്പെട്ട വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. അർജന്‍റീന ടീമിന്‍റെ വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ബന്ധപ്പെട്ടല്ല നടക്കുന്നതെന്നും വിവരമുണ്ട്. സ്വകാര്യ ഏജൻസിയാണ് വരവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നത്.
സ്പെയിനിൽ എത്തി അർജന്‍റീന ടീം മാനേജ്മെന്‍റുമായി ചർച്ച നടത്തി എന്നാണ് മന്ത്രി മുമ്പ് പറഞ്ഞത്. അടുത്ത വർഷമാണ് അർജന്‍റീന ടീം എത്തുക. സർക്കാർ സഹായത്തിലാകും മത്സരം നടത്തുക. മത്സര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും കഴിഞ്ഞ വർഷം മന്ത്രി പറഞ്ഞിരുന്നു.
'അർജന്‍റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്പെയിനിലേക്കു പോയിരുന്നു. സ്പെയിനിൽ വച്ച് ചർച്ച നടത്തി. 2025ൽ ഇന്ത്യയിൽ അർജന്‍റീനയുടെ സൗഹൃദമത്സരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. സർക്കാറിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും.
കേരള ഗോൾഡ് ആൻഡ് സിൽവര്‍ മർച്ചന്‍റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേർന്ന് മത്സരം സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാറിന്‍റെ പൂർണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുക' -വി അബ്‌ദുറഹിമാൻ വിദേശ സന്ദർശനം കഴിഞ്ഞ് വന്ന് പ്രസ്‌താവിച്ചതാണ്.
എന്നാൽ അർജന്‍റീനയിലോ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലോ എത്തിയല്ലേ ഇത്തരം കാര്യങ്ങൾ പറഞ്ഞ് ഉറപ്പിക്കേണ്ടത് എന്നായിരുന്നു ഇതിനെതിരെ ഉയർന്ന വാദം. സ്പെയിൻ പോയി ടീം മാനേജ്മെന്‍റിനെ കണ്ടു എന്നതിൽ എന്ത് ഉറപ്പാണ് ഉള്ളതെന്നും കായിക ലേഖകർ ചോദിച്ചിരുന്നു. അതിനൊന്നും അന്ന് വ്യക്തമായ മറുപടി കൊടുക്കാത്ത മന്ത്രി ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.
കേരളത്തിലെ ഫുട്ബോൾ പ്രേമികളെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്നതാണ് അർജന്‍റീന ടീമിന്‍റെ വരവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് അർജന്‍റീന. അർജന്‍റീന ടീം മാനേജ്മെന്‍റിനും അത് അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ജനകീയ മത്സരമായി നടത്താനാണ് സർക്കാർ നീക്കം.
അർജന്‍റീനക്കെതിരെ കളിക്കുന്ന എതിർ ടീം വിദേശ ടീമായിരിക്കുമെന്നും ഏഷ്യയിലെ പ്രമുഖ ടീമായിരിക്കും അതെന്നും വ്യക്തമാക്കിയിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും മന്ത്രി പറഞ്ഞതോടെ ഫുട്ബോൾ പ്രേമികൾ ത്രില്ലടിച്ചിരുന്നു. എന്നാൽ മന്ത്രി ഇപ്പോൾ രേഖപ്പെടുത്തിയ ആശങ്ക കാണുമ്പോൾ ആരായാലും ചോദിച്ചു പോകും 'മെസി വരുമോ? ഇല്ലയോ?' എന്ന്.
Also Read: തീയതിയായി; മെസിയും അര്‍ജന്‍റീനയും ഈ വര്‍ഷം ഒക്‌ടോബറില്‍ കേരളത്തിലെത്തും