തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആഘോഷമായി പ്രചരണത്തിന് മുൻപിലേക്കെത്തുന്ന സ്ഥാനാർഥികളെക്കുറിച്ച് ഓരോ വോട്ടർമാരും അറിഞ്ഞിരിക്കേണ്ടത് ജനാധിപത്യ വ്യവസ്ഥയിൽ അത്യാവശ്യമാണ്. അങ്ങനെ സ്ഥാനാര്‍ഥിയുടെ പേരിലുള്ള കേസുകൾ എന്തെല്ലാം? ആസ്‌തി എത്ര? വിശദമായി അറിയാൻ സഹായിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആപ്പാണ് കെവൈസി.
ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ കുറിച്ച് കൂടുതലറിയാൻ കെവൈസി (Know Your Candidate) മൊബൈൽ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. 194 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. എല്ലാ സ്ഥാനാര്‍ഥികളുടെയും ക്രിമിനല്‍ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്‍റെ സ്വഭാവം, കേസിന്‍റെ നിലവിലെ സ്ഥിതി എന്നീ വിവരങ്ങൾ ആപ്പ് വഴി അറിയാനാവും. നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥി സമര്‍പ്പിച്ച സത്യവാങ്മൂലവും ആപ്പിൽ ഡൗണ്‍ലോഡ് ചെയ്യാം.