കേരളം

kerala

ETV Bharat / state

വയനാട് പുനരധിവാസം; ഭൂമിയുടെ മേല്‍ത്തട്ടിലെ പരിശോധന പൂര്‍ണം; സർവേ റിപ്പോർട്ട് സർക്കാരിലേക്ക് - WAYANAD REHABILITATION SURVEY

നിർമാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സഹകരണ സൊസൈറ്റി (യുഎൽസിസിഎസ്) ആണ് സർവേ നടത്തിയത്.

WAYANAD REHABILITATION  വയനാട് പുനരധിവാസം സര്‍വേ  WAYANAD SURVEY REPORT  WAYANAD LANDSLIDE
WAYANAD REHABILITATION (ETV Bharat)

By ETV Bharat Kerala Team

Published : Feb 6, 2025, 5:53 PM IST

കോഴിക്കോട്: വയനാട് പുനരധിവാസ പദ്ധതിയുടെ സർവേ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. നിർമാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സഹകരണ സൊസൈറ്റി (യുഎൽസിസിഎസ്) ആണ് സർവേ നടത്തിയത്. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലുമാണ് ടൗൺഷിപ്പ് വരുന്നത്. ഇതിൻ്റെ ഭാഗമായി ഭൂമിയുടെ മേൽത്തട്ടിൻ്റെ പരിശോധന (topographic survey) ആണ് ആദ്യം പൂർത്തിയാക്കിയത്. എൽസ്റ്റൺ എസ്റ്റേറ്റിലെ ഭൂമിയുടെ അടിഭാഗത്തിൻ്റെ നിരീക്ഷണവും (geographical survey) പൂർത്തിയായി. എന്നാൽ നെടുമ്പാലയിൽ ഇപ്പോഴും പ്ലാൻ്റേഷൻ പ്രവർത്തനങ്ങൾ നടക്കുന്നത് കൊണ്ട് മണ്ണ് ഇളക്കിയുള്ള പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ലെന്നും യുഎൽസിസിഎസ് സിഒഒ (chief operating officer) അരുൺ ബാബു ഇടിവി ഭാരതിനോട് പറഞ്ഞു.

WAYANAD REHABILITATION SURVEY (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'രണ്ട് എസ്റ്റേറ്റുകളിലും പ്രാഥമിക പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കാൻ കഴിഞ്ഞു. ഉരുൾപൊട്ടൽ സാധ്യത തീരെ കുറഞ്ഞതാണ് രണ്ട് പ്രദേശങ്ങളും. ഇവിടെ ജില്ലാ ഭരണകൂടം അതിരുകൾ തിട്ടപ്പെടുത്തി. സർക്കാരിൽ നിന്ന് ഔദ്യോഗിക നിർമാണാവകാശം കിട്ടിയാൽ മാത്രമേ പ്രവർത്തികൾ ആരംഭിക്കാൻ കഴിയൂ. ചീഫ് സെക്രട്ടറി എല്ലാ ശനിയാഴ്‌ചയും കൂടിയാലോചന നടത്തുന്നുണ്ട്. ഭൂമി വിട്ട് നൽകുന്നവർക്കുള്ള നഷ്‌ടപരിഹാരം കൈമാറുന്നതോടെ ഔദ്യോഗികമായി ഭൂമി വിട്ടു കിട്ടുമെന്നാണ് പ്രതീക്ഷയെന്ന്' അരുൺ ബാബു പറഞ്ഞു.

WAYANAD REHABILITATION SURVEY (ETV Bharat)

കിഫ്ബിക്ക് കീഴിലുള്ള കിഫ്‌കോൺ എന്ന കൺസൾട്ടൻസി കമ്പനിക്കാണ് നിർമാണ ചുമതല. കെട്ടിട നിർമാണത്തിന് കോളം വർക്കാണ് (rcc frame structure) കിഫ്കോൺ മുന്നോട്ട് വച്ച ആശയം. എന്നാൽ അതിനൊപ്പം തറ കെട്ടിയുയർത്തുന്ന രീതിയും (land bare structure) അവലംബിക്കേണ്ടി വരുമെന്ന് യുഎൽസിസിഎസ് സിഒഒ പറഞ്ഞു. വീടുകളെ ക്ലസ്റ്ററായി തിരിച്ചുള്ള രൂപരേഖയും തയ്യാറായി കഴിഞ്ഞു. നിലവിൽ സജ്ജമാകുന്ന ഒരുനില വീടിൻ്റെ മുകളിലേക്ക് ഭാവിയിൽ മുറികൾ കെട്ടിയുയർത്താൻ ഉതകുന്ന രീതിയിലാണ് പ്ലാൻ തയ്യാറാക്കിയത്. പരാതികൾ ഇല്ലാതെ കുറ്റമറ്റ രീതിയിൽ നിർമാണം പൂർത്തിയാക്കുമെന്നും അരുൺ ബാബു പറഞ്ഞു.

WAYANAD REHABILITATION SURVEY (ETV Bharat)

രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്‌ടർ ഭൂമിയിലും കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 48.96 ഹെക്‌ടർ ഭൂമിയിലുമാണ് മോഡൽ ടൗൺഷിപ്പ് പദ്ധതി നിലവിൽ വരുക. നെടുമ്പാല എസ്റ്റേറ്റിൽ പത്ത് സെൻ്റ് സ്ഥലത്തും കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ച് സെൻ്റ് സ്ഥലത്തും 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിർമിക്കുക.

WAYANAD REHABILITATION SURVEY (ETV Bharat)

സ്‌കൂൾ, ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രം, വാണിജ്യ കെട്ടിടങ്ങൾ, അംഗൻവാടി, മൃഗാശുപത്രി, മാർക്കറ്റ്, സ്പോർട്‌സ് ക്ലബ്, ലൈബ്രറി ഉൾപ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ ടൗൺഷിപ്പ് നിർമിക്കാനാണ് പദ്ധതി. ഇതെല്ലാം വ്യക്തമാക്കുന്നതാണ് രൂപരേഖ. 750 കോടിയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതിനിടെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള മാനദണ്ഡം വിശദീകരിച്ച് സർക്കാർ ഉത്തരവായി. ദുരന്തബാധിത മേഖലയ്ക്ക് പുറത്ത് സുരക്ഷിതമായ സ്ഥലത്ത് വീടുള്ളവർക്ക് അർഹതയുണ്ടാവില്ല. അവർക്ക് വീട് നശിച്ചതിന് എസ്‌ഡിആർഎഫ്, സിഎംഡിആർഎഫ് ഫണ്ടുകളിൽ നിന്നുള്ള നാല് ലക്ഷം രൂപയുടെ ദുരിതാശ്വാസ ധനസഹായം മാത്രമേ ലഭിക്കൂ. ലയത്തിലെ താമസക്കാർക്ക് മറ്റെവിടെയങ്കിലും വീട് ഉണ്ടെങ്കിൽ പുനരധിവാസം അനുവദിക്കില്ല. ദുരന്തമേഖലയിലെ വീടുകൾ വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിൽ വാടകക്കാരന് പുതിയ വീടിന് അർഹതയുണ്ടായിരിക്കും. വാടകയ്ക്ക് വീട് നൽകിയ ആളിന് വേറെ വീടില്ലെങ്കിൽ മാത്രം അവർക്ക് വീട് നൽകും.

WAYANAD REHABILITATION SURVEY (ETV Bharat)
  1. ലൈഫ് പദ്ധതി പ്രകാരം നിർമിച്ചിരുന്ന വീടുകൾ നശിച്ചെങ്കിൽ പുതിയ വീടുകൾ നൽകും. എൽഎസ്‌ജിഡി എഞ്ചിനിയർ വീടുകളുടെ നിർമാണത്തിന് ചെലവായ തുക എഴുതിത്തള്ളണം. ലൈഫ് മിഷൻ അല്ലാത്ത നിർമാണങ്ങളുടെ കാര്യത്തിൽ നിർമാണം നടക്കുന്ന വീടുകളുടെ ഭൂമി നഷ്‌ടപ്പെട്ടാലോ, സ്ഥലം നിരോധിതമേഖലയിലാണെങ്കിലോ പുനരധിവാസത്തിന് അർഹതയുണ്ടായിരിക്കും.
  2. വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ അംഗം ദുരന്തം നടക്കുന്ന സമയത്ത് പുറത്ത് ജോലിക്ക് പോയിരുന്നെങ്കിൽ, കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളും മരിച്ചാൽ പുനരധിവാസത്തിന് അർഹനാണ്. എന്നാൽ, മറ്റെവിടെയെങ്കിലും വീടുണ്ടെങ്കിലോ കുടുംബത്തിൽ എല്ലാവരും മരിച്ചില്ലെങ്കിലോ അർഹതയുണ്ടാവില്ല.
  3. വാടക വീട്ടിൽ താമസിച്ചിരുന്ന മുതിർന്ന അംഗവും ഭാര്യയും ദുരന്തം നടന്ന സമയത്ത് പുറത്തായിരുന്നെങ്കിൽ, കുടുംബത്തിൽ മറ്റാരും ജീവിച്ചിരിപ്പില്ലെങ്കിൽ പുനരധവാസത്തിന് അർഹരാണ്.
  4. കൂട്ടുകുടുംബങ്ങളിൽ താമസിച്ചിരുന്നവർക്ക് ഒന്നിലേറെ റേഷൻ കാർഡ് ഉണ്ടെങ്കിൽ കാർഡടിസ്ഥാനത്തിൽ വീട് നൽകും. ഒരു റേഷൻ കാർഡിന് ഒരു വീട്.
  5. നിരോധിതമേഖലയിലെ ഹോസ്‌പിറ്റൽ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പ്ലാൻ്റേഷൻ ജീവനക്കാർക്ക് മറ്റെവിടെയും വീടില്ലെങ്കിൽ പുനരധിവാസത്തിന് അർഹയുണ്ട്.
  6. സുരക്ഷിത മേഖലയിൽ ഭാഗികമായി വീടുകൾ തകർന്നവർക്ക് പുനരധിവാസം ഉണ്ടായിരിക്കില്ല. തകരാറിൻ്റെ അളവനുസരിച്ച് ദുരിതാശ്വാസ ധനസഹായം നൽകും.
  7. വാണിജ്യ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആൾക്ക് പുനരധിവാസത്തിന് അർഹതയില്ല.
  8. ഹോം സ്റ്റേയായി ഉപയോഗിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ ഉടമയ്ക്ക് വേറെ വീട് ഇല്ലെങ്കിൽ പുനരധിവാസം നൽകും.
  9. സ‌ർവീസ് അപ്പാർട്ട്മെൻ്റുകൾ പോലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്ന ഉടമയ്ക്ക് മറ്റെവിടെയും വീടില്ലെങ്കിൽ പുനരധിവാസം നൽകും.

Also Read:കൂടുമോ ക്ഷേമ പെന്‍ഷന്‍? മെഡിസിപ്പിന് അഴിച്ചു പണി സാധ്യത

ABOUT THE AUTHOR

...view details