കേരളം

kerala

ETV Bharat / state

മുണ്ടക്കൈയിലെ ദുരന്തത്തിന് കാരണം കനത്ത മഴ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് - GSI REPORT ON MUNDAKKAI LANDSLIDE

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴയാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട്.

MUNDAKKAI LANDSLIDE REASON  GEOLOGICAL SURVEY OF INDIA WAYANAD  മുണ്ടക്കൈ ദുരന്തത്തിന് കാരണം  ജിയോളജിക്കല്‍ സര്‍വേ വയനാട് ദുരന്തം
Heavy rains caused landslide disaster in Mundakkai (ETV Bharat)

By ETV Bharat Kerala Team

Published : Aug 11, 2024, 1:23 PM IST

തിരുവനന്തപുരം:വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഉരുള്‍പൊട്ടല്‍ പഠനത്തിനായുള്ള ഔദ്യോഗിക നോഡല്‍ ഏജന്‍സിയാണ് ജി എസ് ഐ. പ്രദേശത്തെ മണ്ണിന്‍റെ ഘടനയും ഭൂമിയുടെ ചരിവും വന്‍ ദുരന്തത്തിന് കാരണമായെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരന്ത പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പ്രാഥമിക പഠനത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. പുത്തുമല, വെള്ളരിമല, ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 2019 മുതല്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നുണ്ട്. ജൂലൈ മാസം ആരംഭിച്ച് മൂന്നാഴ്‌ച പിന്നിടുന്നതോടെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലും സമീപ പ്രദേശങ്ങളിലും തുടര്‍ച്ചയായ കനത്ത മഴ പെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഎസ്ഐ റിപ്പോര്‍ട്ടില്‍ നിന്നും (ETV Bharat)

ദുരന്തമുണ്ടാകുന്നതിന് മുന്‍പ് 24 മണിക്കൂറില്‍ 376.6 മില്ലി മീറ്റര്‍ മഴയാണ് പെയ്‌തത്. കനത്ത മഴയില്‍ കുതിര്‍ന്ന് കിടന്ന പ്രദേശത്ത് മഴ വീണ്ടും തുടര്‍ന്നതോടെ മണ്ണിന് മര്‍ദം താങ്ങാതെ ഉരുള്‍പൊട്ടല്‍ സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 7 കിലോമീറ്റര്‍ ദൂരത്തോളം മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തിയെന്നും ഇതോടെ പുന്നപ്പുഴയുടെ ഗതി മാറിയൊഴുകിയെന്നും ജിഎസ്ഐയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ജിഎസ്ഐ റിപ്പോര്‍ട്ടില്‍ നിന്നും (ETV Bharat)

ദുരന്തത്തിന്‍റെ പൂര്‍ണ്ണചിത്രം മനസിലാക്കാന്‍ മേഖലയില്‍ വിശദമായ പഠനം ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 5 മീറ്റര്‍ വീതിയും 25 മുതല്‍ 40 ഡിഗ്രി വരെ ചെരിവുമുള്ള പ്രദേശമാണ് ഉരുള്‍പൊട്ടലിന്‍റെ ഉത്ഭവകേന്ദ്രം. ഇവിടെ നിന്നും ഒലിച്ചെത്തിയ മണ്ണും വെള്ളവും സഞ്ചാര വഴിയാകെ തകര്‍ത്തെറിഞ്ഞുവെന്നും ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു.

Also Read :'മൃതദേഹങ്ങളല്ല ലഭിച്ചത്, കയ്യും തലയും ചിതറിയ ആന്തരികാവയവങ്ങളും...'; വയനാട് റെസ്‌ക്യൂ ടീം മേധാവി ഇടിവി ഭാരതിനോട്

ABOUT THE AUTHOR

...view details