എറണാകുളം: വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗം പ്രിയങ്ക ഗാന്ധി വാദ്രയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപിയില്‍ നിന്നുള്ള നവ്യ ഹരിദാസ്. പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്നാണ് ആവശ്യം.
പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആസ്‌തി വിവരങ്ങൾ മറച്ചുവച്ചുവെന്നാണ് ആക്ഷേപം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്നും ഹർജിയിൽ പറയുന്നു.
ഭർത്താവ് റോബർട്ട് വാദ്രയുടെയും സ്വത്ത് വിവരങ്ങൾ മറച്ചുവച്ചു. റോബർട്ട് വദ്രയുടെ മറ്റ് രാജ്യങ്ങളിലെ സ്വത്ത് വിവരങ്ങൾ മറച്ചു വച്ചുവെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു. നാഷണൽ ഹെറാൾഡ് കേസിന്‍റെ വിശദാംശങ്ങളും ഉൾപെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ബിജെപി രംഗത്ത് വന്നിരുന്നു.
തനിക്ക് 11.98 കോടി രൂപയുടെ ആസ്‌തിയാണ് ഉള്ളതെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് റോബർട്ട് വാദ്രയുടെ ആസ്‌തി 65.55 കോടി രൂപയാണ്. അതേസമയം പ്രിയങ്കയ്ക്ക് ഇതിലും കൂടുതൽ ആസ്‌തി ഉണ്ടെന്നാണ് ബിജെപിയുടെ വാദം.
ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ 4,10,931 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിലാണ് പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്. രാഹുല്‍ ഗാന്ധിയുടെ 3.6 ലക്ഷമെന്ന ഭൂരിപക്ഷം മറികടന്നായിരുന്നു പ്രിയങ്കയുടെ വിജയം. സിപിഐയുടെ സത്യന്‍ മൊകേരിയായിരുന്നു രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ഥി ആയിരുന്ന ബിജെപിയില്‍ നിന്നുള്ള നവ്യ ഹരിദാസ് മൂന്നാമതെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ നിന്നും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ഇതോടെ വയനാട് മണ്ഡലം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായ വയനാട്ടില്‍ നിന്ന് പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം നടത്താമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഏകകണ്‌ഠമായി തീരുമാനിച്ചതോടെ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി പ്രിയങ്ക എത്തി.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ വൻ ഭൂരിപക്ഷം പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു. കുറഞ്ഞ പോളിങ് ശതമാനം പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. വയനാട്ടില്‍ ഈ വൻ ഭൂരിപക്ഷം പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നതായും കെസി വേണുഗോപാല്‍ പറഞ്ഞു.
Also Read:അവസാന ലാപ്പിലേക്കടുത്ത് വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം; കൊഴുപ്പിക്കാന്‍ താര പ്രചാരകര്‍