കേരളം

kerala

ETV Bharat / state

അമ്മയുടെ ചിതയെരിയുമ്പോൾ നിസഹായയായി ആംബുലന്‍സില്‍, കണ്ണീർ വറ്റിയ കണ്ണുകളിൽ നിർവികാരത; വീണ്ടും ഉള്ളുലച്ച് ശ്രുതി - WAYANAD LANDSLIDE SRUTHI - WAYANAD LANDSLIDE SRUTHI

വയനാട് ദുരന്തമുഖത്ത് ഉറ്റവരെ നഷ്‌ടപ്പെട്ട ശ്രുതിയുടെ അമ്മയുടെ സംസ്‌കാരം നടന്നു. ഹൈന്ദവ ആചാരപ്രകാരം മേപ്പാടി മാരിയമ്മൻ ക്ഷേത്ര ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. അമ്മയെ ചിതയിലേക്ക് എടുക്കുമ്പോൾ അപകടത്തിൽ പരിക്കേറ്റ കാലുകളുമായി നിസഹായയായി ആംബുലൻസിൽ ഇരിക്കാൻ മാത്രമാണ് ശ്രുതിക്ക് കഴിഞ്ഞത്.

വയനാട് ദുരന്തം ശ്രുതി  വയനാട് ഉരുൾപൊട്ടൽ  WAYANAD LANDSLIDE SURVIVOR SRUTHI  SRUTHI WAYANAD
Sruthi's Family Photo (ETV Bharat)

By ETV Bharat Kerala Team

Published : Sep 20, 2024, 9:31 AM IST

വയനാട് : ചൂരൽമല ദുരന്തത്തിൽ ഉറ്റവരെയും അടുത്തിടെ നടന്ന അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്‌ടപ്പെട്ട ശ്രുതിയുടെ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെയായിരുന്നു സംസ്‌കാരം നടന്നത്. പൊതുശ്‌മശാനത്തിൽ നിന്ന് പുറത്തെടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രസ്‌മശാനത്തിലാണ് ഹൈന്ദവാചാരപ്രകാരം സംസ്‌കരിച്ചത്.

അമ്മയുടെ മൃതദേഹം ഹൈന്ദവാചാരപ്രകാരം സംസ്‌കരിക്കണമെന്ന്
ശ്രുതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊതു ശ്‌മശാനത്തിലെ കുഴിമാടത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് മാരിയമ്മൻ കോവിൽ പൊതുശ്‌മശാനത്തിൽ ഹൈന്ദവാചാരപ്രകാരം സംസ്‌കരിച്ചത്. വാഹന അപകടത്തിൽ പരിക്കേറ്റ് ശസ്‌ത്രക്രിയ കഴിഞ്ഞ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രുതിയെ സ്‌ട്രെ‌ച്ചറിൽ കിടത്തി ആശുപത്രിയിൽ നിന്ന് ആംബുലൻസിലാണ് അമ്മയുടെ സംസ്‌കാരചടങ്ങുകൾ കാണാനായി കൊണ്ടുവന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അവസാനമായി തന്‍റെ അമ്മയുടെ മുഖം പോലും കാണാനാവാത്ത അവസ്ഥയിൽ വേദനകൾ അടക്കി പിടിച്ചുകൊണ്ടാണ് ശ്രുതി ആംബുലൻസിൽ ഇരുന്ന് അമ്മയുടെ ചിത എരിയുന്നത് നോക്കി കണ്ടത്. ദുരന്തം കവർന്നെടുത്തവവരുടെ കൂട്ടത്തിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളുെടെ ഡിഎൻഎ പരിശോധന വഴിയാണ് ശ്രുതിയുടെ അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ശ്രുതി ആവശ്യപ്പെട്ടത് പ്രകാരം അമ്മയുടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് ആണ് മുന്‍കൈ എടുത്തത്. സംസ്‌കാര ചടങ്ങുകളെക്കുറിച്ച് എംഎൽഎ വളരെ വേദനാജനകമായൊരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു,

ടി സിദ്ദിഖ് പങ്കിട്ട കുറിപ്പ് :

“സാറേ… എനിക്കെന്‍റെ അമ്മയെ കുഴിമാടത്തിൽ നിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം…” എല്ലാവരും തനിച്ചാക്കിപ്പോയ ശ്രുതിയുടെ ആ വാക്കുകൾ എന്നെ ഒന്നാകെ ഉലച്ച് കളഞ്ഞു…പിന്നീട് ആംബുലൻസിൽ ശ്രുതിയെയും കൊണ്ട് ഒരു യാത്രയായിരുന്നു… പുത്തുമലയിലെ പൊതു കുഴിമാടത്തിൽ നിന്ന് ശ്രുതിയുടെ അമ്മയെ വൈറ്റ് ഗാർഡിന്‍റെ സഹായത്തോടെ

എടുത്ത് മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിന്‍റെ ശ്‌മശാനത്തിൽ ഐവർ മഠത്തിന്‍റെ സഹായത്തോടെ ദഹിപ്പിക്കുമ്പോൾ ശ്രുതി കരഞ്ഞില്ല… കണ്ണീർ വറ്റിപ്പോയിരിക്കണം…ശ്രുതിയുടെ അമ്മയെ കുഴിമാടത്തിൽ നിന്ന് എടുക്കവെ അരികത്ത് തലയിൽ കൈ കൊടുത്ത് ഇരുന്ന ജിൻസന്‍റെ അച്ഛൻ വല്ലാത്ത നോവായിരുന്നു… വിഷ്വൽ ലാംഗ്വേജിൽ എല്ലാം നിങ്ങൾക്ക് കാണാം…

മുസ്‌ലീം പള്ളിയിലെ ഖബറിൽ നിന്ന് ചർച്ചിലേക്കും, ഹൈന്ദവ ശ്മശാനത്തിലേക്കും, പുത്തുമലയിലെ പൊതു ശ്‌മശാനത്തിൽ നിന്നും അത് പോലെ തിരിച്ചും ഡിഎൻഎ വഴി തിരിച്ചറിഞ്ഞ ബോഡികൾ എടുത്ത് മാറ്റുകയാണ് ദിവസവും ഞങ്ങൾ…എക്‌സിക്യൂട്ടിവ് മജിസ്ട്രേറ്റിന്‍റെ ചുമതലയുള്ള ജോസഫ്, രാജു എജമാടി, സുരേഷ് ബാബു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്, ബിജെപി നേതാവ് മുരളി എന്നിവരോട് നന്ദി… സ്നേഹം…

വൈറ്റ് ഗാർഡാണ് ഓരോ ബോഡിയും എടുക്കുന്നത്, അവരെ അഭിനന്ദിക്കാൻ എനിക്ക് വാക്കുകളില്ല… അവർക്ക് കുടിവെള്ളം പോലും ഞങ്ങൾക്ക് കൊടുക്കേണ്ടി വരാറില്ല… അവർ ഞങ്ങൾക്ക് തരും… ഈ സേവനം ഒരു മലയാളിയും ഒരു കാലത്തും മറക്കില്ല… യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറിയും വൈറ്റ് ഗാർഡ് അംഗവുമായ ഷിഹാബിനും ടീമിനും നന്ദി… സ്നേഹം… അമ്മയെ ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കാൻ നേതൃത്വം നൽകിയ സേവാഭാരതിക്കും നന്ദി…

Also Read : ശ്രുതിയുടെ ആരോഗ്യ നില തൃപ്‌തികരം; വാര്‍ഡിലേക്ക് മാറ്റി - Sruti Remains In Hospital

ABOUT THE AUTHOR

...view details