മേപ്പാടി: ഒരു മാസം മുമ്പ് പാലുകാച്ചിയ വീട് നിന്നിടത്ത് ഇപ്പോൾ ഒന്നുമില്ല. മഹാദുരന്തത്തിൻ്റെ ഭീതിതമായ അവശേഷിപ്പുകൾ മാത്രം. പുതിയ വീട്ടിൽ താമസിച്ച് കൊതി തീരുന്നതിനുമുന്നേ മൂന്ന് പേരുടെ ജീവൻ ഉരുൾപൊട്ടൽ കവർന്നെടുത്തു. അനിയത്തി ശ്രേയയുടെ മൃതദേഹമാണ് മുമ്പിൽ. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നറിയില്ല.
തൻ്റെ കുടുംബത്തിൽ ഇനി താൻ മാത്രമേ അവശേഷിക്കുന്നുളളുവെന്ന സത്യം ഉൾക്കൊള്ളാനാകാതെ തളർന്നിരിക്കുകയാണ് ശ്രുതി. ഡിസംബറിൽ നടക്കേണ്ടിയിരുന്ന കല്യാണ ഒരുക്കത്തിലായിരുന്നു കുടുംബം. കൊച്ചുകൊച്ചു സന്തോഷങ്ങൾ തുന്നിയെടുത്ത അവരുടെ ജീവിതത്തിലേക്കാണ് ക്ഷണിക്കപ്പെടാത്ത എന്നന്നേക്കുമുളള ഇരുളായി ഉരുൾ എത്തിയത്.
കഴിഞ്ഞ ആഴ്‌ചയാണ് ശ്രുതി ജോലിക്കായി കോഴിക്കോട്ടേക്ക് പോയത്. എന്നാൽ അത് തൻ്റെ കുടുംബത്തെ എന്നന്നേക്കും പിരിയുന്നതിലേക്കുളള അവസാന യാത്രയാകുമെന്ന് അവള്‍ ഒരിക്കലും കരുതി കാണില്ല. ചൂരൽമലയിലെ തുന്നൽ തൊഴിലാളിയായ ശിവണ്ണനും സബിതയ്ക്കും രണ്ട് പെൺമക്കളാണ്.
കൊച്ചുകൊച്ചു സന്തോഷങ്ങളും സ്വപ്‌നങ്ങളുമായിരുന്നു അവർക്കുണ്ടായിരുന്നത്. ഏതൊരു അച്ഛനും ആഗ്രഹിക്കുന്നതു പോലെ എത്ര കഷ്‌ടപ്പെട്ടിട്ടാണെങ്കിലും മക്കളെ നന്നായി പഠിപ്പിക്കണം, അവരെ സ്വന്തം കാലിൽ നിർത്തണം, എന്നതായിരുന്നു ശിവണ്ണൻ്റെ ആഗ്രഹം. അതിനാൽ തുന്നൽപ്പണിക്കൊപ്പം മറ്റ് ജോലികളും അദ്ദേഹം ചെയ്‌തു.