കോഴിക്കോട്:താമരശേരി ചുരത്തില്‍ വലിയ ലോറികള്‍ക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയതോടെ ദേശീയ പാതയോരം ചരക്കുലോറികൾ കൈയടക്കി. വയനാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടർന്നാണ് നിരോധനം. കിലോമീറ്ററുകള്‍ നീണ്ട ലോറികളുടെ വരിയാണ് ദേശീയപാതയോരത്തെ ഇരുവശങ്ങളിലുമായി കാണുന്നത്.
ലോഡുമായി പുതുപ്പാടിയിലും അടിവാരത്തും എത്തിയപ്പോഴാണ് ലോറി ജീവനക്കാർ താമരശേരി ചുരത്തില്‍ ഗതാഗത നിരോധനം ഏർപ്പെടുത്തിയ വിവരം അറിയുന്നത്. അതോടെ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത റോഡിന്‍റെ ഇരുവശങ്ങളിലും ലോറികൾ ലോഡുമായി പാർക്ക് ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടായത്. സംസ്ഥാന അന്തർ സംസ്ഥാന ലോറികളാണ് ദേശീയ പാതയില്‍ താമരശേരി മുതല്‍ അടിവാരം വരെ റോഡരികില്‍ നിർത്തിയിട്ടിരിക്കുന്നത്.
പലചരക്ക്, പച്ചക്കറി, പഴം, മെറ്റല്‍സ്, ഗൃഹോപകരണങ്ങള്‍, വില കൂടിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ കയറ്റി വന്ന ലോറികളാണ് ശക്തമായ മഴയത്ത് റോഡരികില്‍ നിർത്തിയിട്ടത്. ലോഡ് ഉള്ളതുകൊണ്ട് സാധനങ്ങളുടെ സുരക്ഷയെ കരുതി
ലോറി ഡ്രൈവർമാർക്ക് ലോറിയില്‍ നിന്ന് വിട്ട് മാറാൻ കഴിയാത്ത അവസ്ഥയാണ്. നിശ്ചിത സമയത്തിനുള്ളില്‍ ചിലയിടങ്ങളില്‍ എത്തിക്കേണ്ട ലോഡുകളാണ് റോഡരികില്‍ കിടക്കുന്നത്.