തൃശൂർ: ഒളിവിൽ കഴിഞ്ഞിരുന്ന യുട്യൂബര്‍ മണവാളൻ പൊലീസ് പിടിയിലായതിന് പിന്നാലെ ജയിലിന് മുന്നിലും റീൽസ്. വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ മണവാളൻ എന്ന ഷെഹിൻഷയെ ജയിലിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു റീൽസ് ചിത്രീകരണം. മണവാളൻ ജയിലിൽ ആകുന്നതിന് തൊട്ടു മുമ്പായിരുന്നു റീൽസ്.
ശക്തമായി തിരിച്ചുവരുമെന്ന് പറയുന്ന റീൽസ് ആണ് ജയിലിൽ പോകുന്നതിന് മുൻപ് ഇയാള്‍ ചിത്രീകരിച്ചത്. വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാള്‍ ഒളിവിലായിരുന്നു. പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2024 ഏപ്രിൽ 19-നാണ് കേസിനാസ്‌പദമായ സംഭവം. മണവാളനും സുഹൃത്തുക്കളും കാറിൽ വരികയായിരുന്നു. ഇതിനിടെ വിദ്യാർഥികളായ ഗൗതം കൃഷ്‌ണനും സുഹൃത്തുമായി വാക്കുതർക്കം ഉണ്ടായി. പിന്നാലെ മദ്യലഹരിയിലായിരുന്ന സംഘം കാറിൽ ഇവരെ പിന്തുടർന്നു.
ഇതിനിടെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ ഗൗതമിനും സുഹൃത്തിനും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ മണവാളൻ ഒളിവിൽ പോവുകയായിരുന്നു. യൂട്യൂബിൽ 15 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയാണ് അറസ്റ്റിലായ ഷെഹിൻഷ.