വാഷിങ്‌ടണ്‍: അമേരിക്കൻ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് പുതുതായി നിയമിതനായ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറുമായുള്ള കൂടിക്കാഴ്‌ചയിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും അമേരിക്കയും സഹകരിക്കുന്ന മേഖലകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുമായുള്ള സാമ്പത്തിക മേഖലയിലെ ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകും. കുടിയേറ്റവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്നും ട്രംപ് ഭരണകൂടം ആഗ്രഹം പ്രകടിപ്പിച്ചതായി യുഎസ് ഉന്നത നയതന്ത്രജ്ഞ വക്താവ് പറഞ്ഞു.
"സാമ്പത്തിക മേഖലയിലെ ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും ഇന്ത്യയുമായി പ്രവർത്തിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ആഗ്രഹം റൂബിയോ ഊന്നിപ്പറഞ്ഞു", എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് ടാമി ബ്രൂസ് ഒരു പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ഉള്‍പ്പെടെ കൂടുതല്‍ ശക്തമാക്കുമെന്നും സെക്രട്ടറി റൂബിയോയും വിദേശകാര്യ മന്ത്രി ജയ്‌ശങ്കറും വ്യക്തമാക്കി. പ്രാദേശിക വിഷയങ്ങളും യുഎസ്-ഇന്ത്യ ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്‌തു.
ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കാൻ ലക്ഷ്യമിടുന്ന മേഖലകള്‍
സാങ്കേതികവിദ്യ, പ്രതിരോധം, ഊർജ്ജം, ഇന്തോ-പസഫിക് മേഖലയെ സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും ജയ്‌ശങ്കറും പ്രധാനമായും ചര്‍ച്ച നടത്തിയത്. ഭാവിയില്‍ ഈ മേഖലകളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും.
സന്തോഷം പ്രകടിപ്പിച്ച് ജയ്‌ശങ്കര്‍
സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്‌ചയ്ക്കായി റൂബിയോയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്‌ചയ്ക്ക് ശേഷം ജയ്‌ശങ്കർ എക്‌സിൽ കുറിച്ചു.
Delighted to meet @secrubio for his first bilateral meeting after assumption of office as Secretary of State.
— Dr. S. Jaishankar (@DrSJaishankar) January 21, 2025
Reviewed our extensive bilateral partnership, of which @secrubio has been a strong advocate.
Also exchanged views on a wide range of regional and global issues.
Look… pic.twitter.com/NVpBUEAyHK
"നമ്മുടെ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്‌തു, അതിന്‍റെ ശക്തമായ വക്താവായിരുന്നു റൂബിയോ. വിവിധ മേഖലകളിലും ആഗോള വിഷയങ്ങളിലും ഇരുര്യാജ്യങ്ങലും തമ്മിലുള്ള അഭിപ്രായങ്ങള്‍ കൈമാറി. നമ്മുടെ തന്ത്രപരമായ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു," എന്ന് ജയ്‌ശങ്കര്‍ കുറിച്ചു
തിങ്കളാഴ്‌ച അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ യുഎസ് സർക്കാരിന്‍റെ ക്ഷണപ്രകാര ജയ്‌ശങ്കർ യുഎസില്‍ എത്തിയിരുന്നു. ട്രംപ് ഭരണകൂടം അധികാരമേറ്റ് മണിക്കൂറുകൾക്ക് പിന്നാലെ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്നുവെന്നും സ്വതന്ത്രവും സുസ്ഥിരവുമായ ഇന്തോ-പസഫിക് മേഖലയ്‌ക്കാണ് ഇന്ത്യ മുൻഗണന നല്‍കുന്നതെന്ന് യോഗത്തില്‍ അറിയിച്ചുവെന്നും ജയ്‌ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
- ഇന്തോ-പസഫിക് മേഖലയുടെ പ്രാധാന്യവും വെല്ലുവിളികളും
ഇൻഡോ-പസഫിക് മേഖല എന്നത് ഇന്ത്യൻ മഹാസമുദ്രത്തെയും പടിഞ്ഞാറൻ, മധ്യ പസഫിക് സമുദ്രത്തെയും ഉൾക്കൊള്ളുന്ന വിശാലമായ ഭൂമിശാസ്ത്രപരമായ പ്രദേശത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്, കടലുകളും കടലിടുക്കുകളും ഉൾപ്പെടുന്നു.
ആഫ്രിക്കയുടെ കിഴക്കൻ തീരം മുതൽ അമേരിക്കയുടെ പടിഞ്ഞാറൻ തീരം വരെയും ആർട്ടിക് മുതൽ അൻ്റാർട്ടിക്ക് വരെയും വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണിത്. ചൈന , ഇന്ത്യ, ജപ്പാൻ , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും ശക്തവുമായ ചില രാജ്യങ്ങള്‍ ഈ മേഖലയില്‍ ഉള്‍പ്പെടുത്തുന്നു. ലോക ജനസംഖ്യയുടെ 65% സംഭാവന ചെയ്യുന്നു, ഇത് ലോക ജിഡിപിയുടെ 63% ആണ്. പ്രദേശിക തർക്കങ്ങൾ, കടൽക്കൊള്ള, തീവ്രവാദം, ആണവ വ്യാപനം തുടങ്ങിയ സുരക്ഷാ വെല്ലുവിളികളും ഈ മേഖലയില്‍ നേരിടുന്നു.
Read Also: ട്രംപ് 2.0 ; അമേരിക്കയുടെ 47-ാം പ്രസിഡൻ്റായി അധികാരമേറ്റു