വയനാട്: ഉരുൾപൊട്ടലിൽ ജീവിതകാലമത്രയും സമ്പാദിച്ച സർവതും നഷ്‌ടമായവർക്ക് പറയാനുള്ളത് തീരാനോവിന്‍റെ കഥകൾ മാത്രം. ഉടുതുണിയല്ലാതെ അവർക്ക് ഇനിയൊന്നും ബാക്കിയില്ല. പലയിടങ്ങളിൽ നിന്നുമായെത്തുന്ന സഹായഹസ്‌തങ്ങളിലാണ് അവർ ഓരോ ദിനവും കഴിച്ചു കൂട്ടുന്നതു തന്നെ.. പ്രതീക്ഷ വറ്റിയ അവരുടെ ജീവിതത്തിൽ വെളിച്ചമേകാൻ ഇനി സുമനസുകളുടെ സഹായങ്ങൾ കൊണ്ട് മാത്രമേ കഴിയൂ..
ദുരന്തഭൂമിയിൽ എല്ലാം നഷ്‌ട്ടപ്പെട്ടവർക്ക് ബന്ധുക്കളെ പോലും ബന്ധപ്പെടാനാവാത്ത അവസ്ഥയാണ്. അങ്ങനെയുള്ളവർക്ക് സഹായവുമായെത്തുകയാണ് മലപ്പുറം വണ്ടൂരിലെ ഒരു കൂട്ടം സുഹൃത്തുക്കൾ. ദുരിതാശ്വാസ ക്യാമ്പിൽ മൊബൈൽ ഫോണും സിമ്മും നൽകിക്കൊണ്ട് ദുരിത ബാധിതർക്ക് ബന്ധുക്കളെ ബന്ധപ്പെടാനുള്ള അവസരം ഒരുക്കുകയാണ് ഇവർ.