മലപ്പുറം :ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ കണ്ടെത്താനായി ചാലിയാർ പുഴയിലും എടവണ്ണ കടവുകളിലും തെരച്ചിൽ നടത്താനൊരുങ്ങി പൊലീസ്. ഇന്നലെ വാഴക്കാട് നിന്നും ഒരു മൃതദേഹം ലഭിച്ചതോടെയാണ് എടവണ്ണ മേഖലകളിലും പരിശോധന നടത്താൻ തീരുമാനിച്ചത്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ചാലിയാർ പുഴയിൽ എടവണ്ണ, ഒതായി, മമ്പാട്, കുണ്ടുതോട്, കൊളപ്പാട് പാവണ്ണ തുടങ്ങിയ മേഖലകളിലൂടെ പരിശോധനകൾ നടത്തുന്നത്. എമർജൻസി റെസ്ക്യൂ ഫോഴ്‌സ് എടവണ്ണ യൂണിറ്റിൻ്റെ ബോട്ടിലാണ് ഈ മേഖലകളിൽ പൊലീസ് പരിശോധന നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി 151 മൃതദേഹങ്ങളും, ശരീരഭാഗങ്ങളുമാണ് ചാലിയാർ പുഴയുടെ തീരത്ത് നിന്നും കണ്ടെത്തിയത്.
ഉരുൾപൊട്ടൽ നടന്ന വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവയോട് ഏറ്റവും അടുത്തുള്ള പോത്തുകല്ല് പഞ്ചായത്തിലെ കടവുകളിൽ നിന്നാണ് ആദ്യം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നതെങ്കിൽ പിന്നീട് അമ്പതിലേറെ കിലോമീറ്റർ താഴെ വാഴക്കാട് നിന്നടക്കം മൃതദേഹങ്ങൾ ലഭിച്ചു. ചാലിയാറിൽ നിന്ന് ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ട നടപടികൾ ജില്ല ആശുപത്രിയിലാണ് നടക്കുന്നത്.