കോഴിക്കോട്:തങ്ങൾക്കും സ്വന്തമായി ഒരു ലോക്‌സഭ സീറ്റ് എന്നതായിരുന്നു വയനാട്ടുകാരുടെ സ്വപ്‌നം. 2008 ലെ മണ്ഡല പുന: ക്രമീകരണത്തിന് ശേഷം വയനാട്ടുകാർ ഹാപ്പി ആയിരുന്നു. വോട്ടർമാരുടെ എണ്ണം തുലനപ്പെടുത്താൻ മലപ്പുറം കോഴിക്കോട് ജില്ലകളെ കൂടി കൂട്ടിയിണക്കിയാണ് വയനാട് ലോക്‌സഭ മണ്ഡലം രൂപീകരിച്ചത്. 2009 ലെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വയനാട്ടുകാര്‍ അത് ഉത്സവമാക്കി. 74.14% ആയിരുന്നു അന്നത്തെ തെരഞ്ഞെടുപ്പിലെ പോളിങ്. പിന്നീട്, 2014 ൽ 73.25 ശതമാനമായിരുന്നു പോളിങ്, 2019 ൽ രാഹുൽ ഗാന്ധിയെത്തിയപ്പോൾ മണ്ഡലം ദേശീയതലത്തിലേക്ക് ശ്രദ്ധയാകര്‍ഷിച്ചു, പോളിങ് 80.33 ശതമാനത്തിലേക്ക് കുത്തനെ ഉയരുകയും ചെയ്‌തു.
എന്നാല്‍, രാഹുൽ ഗാന്ധി വീണ്ടും ഇറങ്ങിയപ്പോൾ 73.57 ശതമാനമായി പോളിങ് കുറഞ്ഞിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7 ശതമാനത്തോളമാണ് പോളിങ്ങില്‍ ഇടിവ് രേഖപ്പെടുത്തിയത്. പിന്നീട് പ്രിയങ്ക ഗാന്ധിയെ പാര്‍ലമെന്‍റിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ ഇത്തവണ മത്സരപ്പിച്ചു. ഏതുവിധേനയും പോളിങ്ങ് ശതമാനം കൂട്ടണമെന്ന ലക്ഷ്യത്തോടെ യുഡിഎഫിന്‍റെ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കളും അടക്കം കച്ചകെട്ടി മണ്ഡലത്തില്‍ പ്രചാരണം നയിച്ചു. എന്നാല്‍ ഇതിന്‍റെ ഫലമൊന്നും പോളിങ്ങില്‍ കാണാൻ സാധിച്ചില്ല.
പ്രിയങ്ക മത്സരിച്ചിട്ടുപോലും കഴിഞ്ഞ ദിവസം നടന്ന വയനാട് ഉപതെരഞ്ഞെടുപ്പിൽ പോളിങ് കുത്തനെ ഇടിയുന്ന കാഴ്‌ചയാണ് കണ്ടത്. 64.72 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.85 ശതമാനത്തിന്‍റെ കുറവുണ്ടായി.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 14,64,472 വോട്ടുകളുള്ളതിൽ 10,74,623 വോട്ടുകളും ബൂത്തിലെത്തി. ഈ തവണ ആകെയുള്ള 14,71,742 വോട്ടുകളിൽ 9,52,543 വോട്ടുകൾ മാത്രമാണു പോൾ ചെയ്‌തത്. തപാൽ വോട്ടുകളും ഹോം വോട്ടുകളും കൂടി എണ്ണുമ്പോൾ ചെറിയ വർധന ഉണ്ടാവുമെങ്കിലും പോളിങ് ശതമാനത്തിൽ കാര്യമായ വർധനയുണ്ടാകില്ല. മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഈ ശതമാന കുറവിന്‍റെ കാരണം എന്താണ്?
'മടുപ്പിന്‍റെ രാഷ്ട്രീയത്തിൽ നിന്നുയർന്ന വെറുപ്പ്'
ഒന്നും അടിച്ചേൽപ്പിക്കരുത് എന്നതാണ് മുഖ്യ കാരണം. 'മടുപ്പിന്‍റെ രാഷ്ട്രീയത്തിൽ നിന്നുയർന്ന വെറുപ്പാണ്' ഇതിലൂടെ പ്രതിഫലിച്ചത്. സാധാരണക്കാരുടെ പ്രതികരണത്തിന്‍റെ ആകെത്തുകയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് നിന്നുൾപ്പെടെ നിരവധി വോട്ടർമാരാണ് നാട്ടിലെത്തി വോട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചെയ്യാൻ എത്താത്തത് പോളിങ് കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും വോട്ട് രേഖപ്പെടുത്താൻ എത്തിയില്ലെന്നും വിലയിരുത്തലുണ്ട്. ഇത്തവണയും കോൺഗ്രസ് ജയിക്കുമെന്ന പ്രവചനങ്ങളും വോട്ടർമാരെ അകറ്റി നിര്‍ത്തിയ ഘടകമായി കണക്കാക്കുന്നു.
പ്രിയങ്കയുടെ ഭൂരിപക്ഷം മാത്രം തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന കോൺഗ്രസ് പ്രചാരണവും വോട്ടർമാരെ പിന്നോട്ട് വലിച്ചിട്ടുണ്ട്. പോളിങ് ശതമാനം കുത്തനെ കുറഞ്ഞത് മൂന്ന് മുന്നണികളേയും അങ്കലാപ്പിലാക്കുന്നുണ്ടെങ്കിലും യുഡിഎഫിനെയാണ് ഇത് അലോസരപ്പെടുത്തുന്നത്. കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനം പൊതുതെരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞതു പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമോയെന്ന ആശങ്ക യുഡിഎഫ് ക്യാമ്പിലുണ്ട്.
അപ്പോഴും എൽഡിഎഫ് വോട്ടുകളാണു ബൂത്തിലെത്താതെ പോയതെന്ന് യുഡിഎഫും തങ്ങളുടെ വോട്ടുകൾ കൃത്യമായി പെട്ടിയിലായിട്ടുണ്ടെന്ന് എൽഡിഎഫും പറയുന്നു. എന്നാൽ യുഡിഎഫ് വോട്ടുകളാണ് കുറഞ്ഞതെന്ന നിലപാടിലാണ് എൻഡിഎ. വന്യമൃഗശല്യം രൂക്ഷമായ പല സ്ഥലങ്ങളിലും വോട്ട് ബഹിഷ്‌കരണ ആഹ്വാനം ഈ തെരഞ്ഞെടുപ്പിൽ ശക്തമായിരുന്നു. യുഡിഎഫ് കേന്ദ്രങ്ങളിൽ ഈ തരത്തിൽ പല വോട്ടുകളും പോൾ ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു.
കച്ചകെട്ടിയിറങ്ങിയിട്ടും പോളിങ് ഇടിഞ്ഞു