കോഴിക്കോട്:പരസ്യ പ്രചരണം തിരുവമ്പാടിയിൽ അവസാനിപ്പിച്ച് പ്രിയങ്കാ ഗാന്ധി. വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയിലെ നിയമസഭ മണ്ഡലമാണ് തിരുവമ്പാടി. തകർത്ത് പെയ്‌ത മഴയെ അവഗണിച്ചാണ് പ്രിയങ്കാ ഗാന്ധി കൊട്ടിക്കലാശത്തിന് എത്തിയത്.
തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരം യുഡിഎഫ് പ്രവർത്തകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. എല്ലാവർക്കും നമസ്‌കാരം പറഞ്ഞു കൊണ്ടായിരുന്നു പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ സ്നേഹത്തിന് നന്ദിയെന്നും എനിക്ക് കുറച്ച് മലയാളം അറിയാമെന്നും പ്രിയങ്ക പറഞ്ഞു. തിരിച്ച് വന്ന് കൂടുതൽ മലയാളം പറയാമെന്ന് ഇംഗ്ലീഷിലും യുഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമാക്കി.
35 വർഷമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും മനോഹരവുമായ പ്രചാരണമാണിത്. മനുഷ്യ വന്യജീവി സംഘർഷം, രാത്രി യാത്ര നിരോധനം എന്നിവ പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം. കാർഷിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും കൂടുതൽ ശ്രദ്ധ ചെലുത്തും.
തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഒരു അവസരം നൽകൂവെന്നും പ്രിയങ്കാ ഗാന്ധി വോട്ടര്‍മാരോട് പറഞ്ഞു. ഞാൻ വേഗം തിരിച്ച് വരും എന്ന് മലയാളത്തിൽ പറഞ്ഞാണ് തന്‍റെ കന്നിയങ്കത്തിന്‍റെ പരസ്യ പ്രചാരണം പ്രിയങ്ക അവസാനിപ്പിച്ചത്. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, വി ഡി സതീശൻ തുടങ്ങിയ നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.