തിരുവനന്തപുരം :തലസ്ഥാന നഗരത്തിൽ തുടർച്ചയായ നാലാം ദിവസവും കുടിവെള്ളം കിട്ടാക്കനി. തിരുവനന്തപുരം - നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പണികളുടെ ഭാഗമായി പിടിപി നഗറിൽ നിന്നുള്ള 700 എംഎം പൈപ്പ് ലൈനും നേമം ഭാഗത്തേക്കുള്ള 500 എംഎം പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് നഗരത്തിൽ വ്യാപകമായി കുടിവെള്ളക്ഷാമം നേരിട്ടത്. വരൾച്ച കാലം അല്ലായിരുന്നിട്ടും പണി ഇഴയുന്നത് കാരണം 33 വാർഡുകളിൽ പൂർണമായും 11 വാർഡുകളിൽ ഭാഗികമായും കുടിവെള്ളം മുടങ്ങി.
റെയിൽവേ ലൈനിന് അടിയിലുള്ള 700 എംഎം പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന പണികൾ നിലവിൽ പുരോഗമിക്കുകയാണ്. റെയിൽ പാത വികസിപ്പിക്കുന്നതിനാൽ 50 മീറ്റർ മാറിയാകും പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുക. അരുവിക്കരയിലെ ശുദ്ധജല വിതരണ പ്ലാൻ്റ് താത്കാലികമായി പമ്പിങ് നിർത്തിയതും വലിയ പ്രതിസന്ധിയായി.
ശനിയാഴ്‌ച രാവിലെ കുടിവെള്ളം ലഭ്യമാകും എന്നായിരുന്നു വാട്ടർ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പണികൾ കൃത്യമായി പൂർത്തിയാകാത്തതിനാൽ കുടിവെള്ള ക്ഷാമം തുടരുകയാണ്. ഇന്ന് വൈകിട്ടോടെ വെള്ളം എത്തിക്കാനാകുമെന്നാണ് തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി ശിവൻകുട്ടിയുടെ ഓഫിസ് അറിയിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും