കേരളം

kerala

ETV Bharat / state

ഉപതെരഞ്ഞെടുപ്പ് കണക്കുകളില്‍ കിതച്ച് മുന്നണികള്‍; ചര്‍ച്ചയാവുക വോട്ട് വിഹിതം - VOTE SHARE LDF UDF NDA BYPOLL 2024

മൂന്ന് മുന്നണികള്‍ക്കും പുനര്‍വിചിന്തനത്തിനുള്ള വഴിതുറക്കുന്നതാണ് ഇത്തവണത്തെ വോട്ട് വിഹിതം.

ASSEMBLY ELECTION 2024  CPIM KERALA  Byelection Analysis Kerala  CONGRESS KERALA
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 23, 2024, 4:58 PM IST

തിരുവനന്തപുരം:കേരളത്തില്‍ ഭരണ പ്രതിപക്ഷ മുന്നണികള്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ഒറ്റ നോട്ടത്തില്‍ പറയാനാവുക. പക്ഷേ ഉപതെരഞ്ഞെുപ്പ് നടന്ന മണ്ഡലങ്ങളിലെ വോട്ട് ഷെയറിലുണ്ടായ ചാഞ്ചാട്ടം മൂന്ന് മണ്ഡലങ്ങളിലും വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും. ചേലക്കരയില്‍ മുന്‍ മന്ത്രി കെ. രാധാകൃഷ്‌ണന്‍ ഒഴിഞ്ഞ മണ്ഡലം, മുന്‍ എംഎല്‍എ യുആര്‍ പ്രദീപിലൂടെ സിപിഎം നിലനിര്‍ത്തിയെങ്കിലും വോട്ട് ചോര്‍ച്ച ചര്‍ച്ചയാവും.

2021നെ അപേക്ഷിച്ച് സിപിഎം സ്ഥാനാര്‍ഥിക്ക് 19,156 വോട്ടാണ് ചേലക്കരയില്‍ കുറഞ്ഞത്. വോട്ട് ശതമാനവും ഗണ്യമായി കുറഞ്ഞു. ഏതാണ്ട് 13 ശതമാനത്തിന്‍റെ കുറവ്. സീറ്റ് നിലനിര്‍ത്തിയെങ്കിലും വോട്ട് ചോര്‍ച്ച വിശദീകരിക്കാന്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന വേളയില്‍ സിപിഎം ബുദ്ധിമുട്ടുമെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് താരതമ്യം (ETV Bharat)

ചേലക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി 2021നെ അപേക്ഷിച്ച് 9309 വോട്ട് കൂടുതല്‍ പിടിച്ചു. വോട്ട് ഷെയറില്‍ 5.83 ശതമാനത്തിന്‍റെ വര്‍ധന. തൃശൂര്‍ ലോക്‌സസഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയിലൂടെ ബിജെപി നേടിയ വിജയത്തിന്‍റെ അനുരണനം തൃശൂര്‍ ജില്ലയിലെ ചേലക്കരയിലും ദൃശ്യമായി. ആറ് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിലും 5,380 വോട്ട് ചേലക്കരയില്‍ ബിജെപി അധികം നേടി.

തെരഞ്ഞെടുപ്പ് താരതമ്യം (ETV Bharat)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കിട്ടിയതിനേക്കാള്‍ 3,058 വോട്ട് കുറഞ്ഞു. 2021നെ അപേക്ഷിച്ച് കോണ്‍ഗ്രസ് 8122 വോട്ട് കൂടുതല്‍ നേടിയപ്പോഴും ഒരേ സ്ഥാനാര്‍ഥി മത്സരിച്ചിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കുറഞ്ഞത് കോണ്‍ഗ്രസ് ക്യാമ്പിനേയും ചിന്തിപ്പിക്കും.

തെരഞ്ഞെടുപ്പ് താരതമ്യം (ETV Bharat)

പാലക്കാട് മണ്ഡലം

പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച ബിജെപി തകര്‍ന്നടിഞ്ഞ കാഴ്‌ചയാണ് ഏറെ ശ്രദ്ധേയമായത്. കഴിഞ്ഞ തവണ ബിജെപിയിലെ ഇ ശ്രീധരനെതിരെ കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ നേടിയ 3859 വോട്ട് ഭൂരിപക്ഷം ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ 18,840 ആക്കി ഉയര്‍ത്തി യുഡിഎഫ് വന്‍ നേട്ടമുണ്ടാക്കി.

ഭൂരിപക്ഷത്തില്‍ത്തന്നെ 14,981 വോട്ട് വര്‍ധന. ഇവിടെ ഇടത് മുന്നണി സ്വതന്ത്രനുമായി ബിജെപിക്കുള്ള വോട്ട് വ്യത്യാസം വെറും 2,256 വോട്ടാണ്. കഴിഞ്ഞ തവണ സിപിഎമ്മിനെ 13,787 വോട്ട് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ബിജെപിയില്‍ നിന്ന് ഇത്തവണ വന്‍ വോട്ട് ചോര്‍ച്ചയുണ്ടായെന്ന് മാത്രമല്ല, അത് കൂടുതലും ഇടത് മുന്നണി പിടിച്ചെടുക്കുകയും ചെയ്‌തു.

തെരഞ്ഞെടുപ്പ് താരതമ്യം (ETV Bharat)

ബിജെപിക്ക് ഇത്തവണ പാലക്കാട്ട് നഷ്‌ടമായത് 10,671 വോട്ടുകളാണ്. 2021നെ അപേക്ഷിച്ച് കോണ്‍ഗ്രസ് അധികമായി പിടിച്ചത് 4,310 വോട്ടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് കെ കൃഷ്‌ണകുമാര്‍ തന്നെ മത്സരിച്ചപ്പോള്‍ കിട്ടിയ 43,072 വോട്ട് പോലും ആറ് മാസം കഴിഞ്ഞപ്പോള്‍ അതേ കൃഷ്‌ണകുമാറിന് നിലനിര്‍ത്താനായില്ല.

തെരഞ്ഞെടുപ്പ് താരതമ്യം (ETV Bharat)

ബിജെപി വോട്ടുകളില്‍ 3,523 വോട്ടുകളുടെ ഇടിവ് ആറ് മാസത്തിനകം ഉണ്ടായി. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതും പാര്‍ട്ടിക്കകത്ത് സ്ഥാനാര്‍ഥിയോടുള്ള എതിര്‍പ്പും ഒന്നും തെരഞ്ഞെടുപ്പില്‍ പ്രകടമാകില്ലെന്ന് പറഞ്ഞ ബിജെപി നേതൃത്വത്തിന് ചോര്‍ച്ച വിശദീകരിക്കാന്‍ പ്രയാസമാകും. കോണ്‍ഗ്രസില്‍ നിന്ന് പി സരിനെ അടര്‍ത്തിയെടുത്ത് മത്സരിപ്പിച്ച സിപിഎമ്മിന് വലിയ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെങ്കിലും 860 വോട്ട് കൂടുതല്‍ പിടിക്കാനായി.

വയനാട് ലോക്‌സഭ മണ്ഡലം

ആകെ വോട്ടുകളില്‍ 64.99 ശതമാനം നേടിക്കൊണ്ടാണ് വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി പുതിയ റെക്കോര്‍ഡിട്ടത്. രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷം നേടിയ 2019ലെ തെരഞ്ഞെടുപ്പില്‍പ്പോലും 64.7 ശതമാനം വോട്ടായിരുന്നു വയനാട്ടില്‍ നേടാനായത്. അത് പ്രിയങ്ക മറികടന്നു.

തെരഞ്ഞെടുപ്പ് താരതമ്യം (ETV Bharat)

പോളിങ് കുറഞ്ഞിട്ടും പോള്‍ ചെയ്‌ത വോട്ടുകളില്‍ സിംഹ ഭാഗവും പ്രിയങ്ക സ്വന്തം പേരിലാക്കി. ഏതിരാളികളില്‍ മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരിയെത്തന്നെ കളത്തിലിറക്കിയ സിപിഐക്ക് വന്‍ വോട്ട് ചോര്‍ച്ചയുണ്ടായി. പാര്‍ട്ടിക്ക് 73,117 വോട്ടിന്‍റെ ഇടിവുണ്ടായപ്പോള്‍ സത്യന്‍ മൊകേരി 20,9906 വോട്ടു കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.

ബിജെപി വോട്ടുകളിലും വന്‍ ചോര്‍ച്ചയുണ്ടായി. ആറ് മാസം മുമ്പ് കെ സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ 1,41,045 വോട്ട് നേടിയ ബിജെപി, നവ്യാ ഹരിദാസ് സ്ഥാനാര്‍ഥിയായെത്തിയപ്പോള്‍ പിടിച്ചത് 1,09,939 വോട്ട് മാത്രമാണ്. 41,106 വോട്ടുകളുടെ ഇടിവ്.

തെരഞ്ഞെടുപ്പ് താരതമ്യം (ETV Bharat)

കഴിഞ്ഞ തവണ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ബിജെപി വര്‍ധിപ്പിച്ച 62,229 വോട്ടുകള്‍ ഇത്തവണ അപ്രത്യക്ഷമായി. ആറ് മാസം മുമ്പ് രാഹുല്‍ നേടിയ വോട്ടിനേക്കാള്‍ 29,503 വോട്ട് കുറവാണ് പ്രിയങ്കയ്ക്ക് കിട്ടിയതെങ്കിലും പോളിങ് ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ അത് കുറവായി പരിഗണിക്കാനാവില്ല. 2019ല്‍ രാഹുല്‍ നേടിയ 7,06,367 വോട്ടിനേക്കാള്‍ 88,425 വോട്ട് കുറവാണ് പ്രിയങ്കയ്ക്ക് കിട്ടിയത്.

തെരഞ്ഞെടുപ്പ് താരതമ്യം (ETV Bharat)

വിഷയ സമൃദ്ധം ഉപതെരഞ്ഞെടുപ്പ്

നാടകീയമായ രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ച ഉപതെരഞ്ഞെടുപ്പുകളായിരുന്നു കേരളത്തില്‍ നടന്നത്. കോണ്‍ഗ്രസിലെ കോക്കസുകള്‍ക്കെതിരെ കലഹിച്ച് പാര്‍ട്ടി വിട്ട് ഇടതു പാളയത്തിലെത്തിയ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ മേധാവി ഡോ. സരിന്‍ പി ശശിക്കും എഡിജിപിക്കുമെതിരെ വെടിപൊട്ടിച്ച് ഇടത് മുന്നണി വിട്ട പിവി അന്‍വര്‍ എംഎല്‍എ. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി കോണ്‍ഗ്രസുകാരനായ ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍ ഇവരൊക്കെയായിരുന്നു തെരഞ്ഞെടുപ്പ് രംഗത്തെ കൂടുമാറ്റ മുഖങ്ങള്‍.

രാഷ്ട്രീയ നിലപാടുകളും പ്രത്യയ ശാസ്ത്രങ്ങളും നിമിഷനേരം കൊണ്ട് മാറ്റിച്ചവിട്ടിയ ഇവരാരും പക്ഷേ തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനം സൃഷ്‌ടിച്ചില്ല. തൃശൂര്‍ പൂരം കലക്കലും മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തുകളും തൊട്ട് മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നവും സന്ദീപ് വാര്യര്‍ക്കെതിരായ പത്ര പരസ്യവും നീല ട്രോളി വിവാദവും പാതിരാ റെയ്‌ഡും വയനാട് പുനരധിവാസത്തിലെ പ്രശ്‌നങ്ങളും ദുരിതാശ്വാസ സഹായമെത്തിക്കുന്നതിലെ അലംഭാവവും എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയും സംഭവത്തില്‍ സിപിഎം നേതാവ് പിപി ദിവ്യ അറസ്റ്റിലായതും ഇപി ജയരാജന്‍റെ ആത്മകഥ വിവാദം വരെ ഈ ഉപതെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാക്കിയിരുന്നു. മുന്നണികള്‍. യുഡിഎഫും എല്‍ഡിഎഫും മുന്‍നിര നേതാക്കളെയെല്ലാം ഇറക്കി പ്രചാരണം നടത്തിയപ്പോള്‍ ബിജെപിക്ക് പ്രചാരണത്തിന് സംസ്ഥാന നേതാക്കള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്ക് അന്തസുള്ള ഭൂരിപക്ഷം നേടാനായതും പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് പ്രതീക്ഷിച്ചതിലുമേറെ ഭൂരിപക്ഷത്തില്‍ ജയിക്കാനായതും കെപിസിസി നേതൃത്വത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നു. പാര്‍ലമെന്‍റിലെ ഒരു തരി കനലായി മാറിയ ആലത്തൂരിന് പകരം ചേലക്കര നഷ്ടപ്പെടുമോയെന്ന ആശങ്കകള്‍ക്ക് യു ആര്‍ പ്രദീപിലൂടെ വിരാമമിട്ട ഇടതുമുന്നണിക്കും അഭിമാനിക്കാനില്ലെങ്കിലും ആശ്വസിക്കാം. പാലക്കാട്ട് വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതിരുന്ന ബിജെപിക്ക് തിരിച്ചടി നല്‍കിയ പാലക്കാട് നഗരസഭയില്‍ ഭരണം പിടിക്കാനുള്ള കൊണ്ടു പിടിച്ച യുഡിഎഫ് ശ്രമങ്ങളെ ഇനി കരുതേണ്ടി വരും. 33354 വോട്ട് പിടിച്ച് ചേലക്കരയില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയ ബിജെപി സ്ഥാനാര്‍ഥി കെ ബാലകൃഷ്‌ണന്‍ പാലക്കാട്ടെ വിഐപി സ്ഥാനാര്‍ത്ഥി സി കൃഷ്‌ണകുമാര്‍ നേടിയ 39549 വോട്ടിന് തൊട്ടരികിലെത്തിയത് തൃശൂരിലെ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്‍റെ തുടക്കമെന്ന് ബിജെപിക്കും ആശ്വസിക്കാം.

Also Read:'സർക്കാരിനെതിരെയുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് വിധി': പികെ ബഷീർ എംഎൽഎ

ABOUT THE AUTHOR

...view details