കോഴിക്കോട്: കായിക വിനോദങ്ങൾ വെറും വ്യായാമം മാത്രമല്ല, മറിച്ച് കിടമത്സരങ്ങളും പന്തയവും വച്ചുള്ള പോരാട്ടങ്ങളാണ്. എന്നാൽ സംസ്ഥാനത്ത് മഴക്കാലം എത്തുന്നതോടെ മൈതാനങ്ങളെല്ലാം വെള്ളത്തിലാകുമ്പോൾ കളി വേനലിൽ മാത്രമായൊതുങ്ങും.
മഴയും വേനലും ഒന്നും പ്രശ്‌നമാക്കാതെ എത്ര വെള്ളം കയറിയാലും കളിയെ ഒരേ ഗൗരവത്തിൽ കാണുന്ന ഒരു സ്ഥലമാണ് മാവൂർ കുറ്റിക്കടവിലെ വോളിബോൾ മൈതാനം. ഏതുകാലത്തും കുറ്റികടവിൽ ചെറുപുഴയോരത്തെ ഈ വോളിബോൾ മൈതാനത്ത് കളി തകൃതിയായി നടക്കും.
നിത്യവും കളിക്കുന്ന മൈതാനത്തിൽ കഴുത്തൊപ്പം വെള്ളമുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ഈ പ്രാദേശിക വോളിബോൾ താരങ്ങൾ കളി തുടരുന്നത്. ആദ്യമായി കാണുന്നവർക്ക് ഇത് നേരമ്പോക്കാണെന്ന് തോന്നും. എന്നാൽ ഇവർക്കിത് എന്നത്തേയും പോലെ കടുപ്പമേറിയ മത്സരമാണ്.