പത്തനംതിട്ട:ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം സുഗമമാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡിൻ്റെ ചിരകാല സ്വപ്‌നമായ റോപ് വേയുടെ നിർമാണ പ്രവർത്തനങ്ങൾ സമീപ ഭാവിയിൽ ആരംഭിക്കാനാകുമെന്ന് വിഎൻ വാസവൻ അറിയിച്ചു.
പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം സംവാദ പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ 95 ശതമാവും പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന കാര്യങ്ങൾ ഈ മാസം പത്തിനകം പൂർത്തിയാകുമെന്നും വിഎൻ വാസവൻ പറഞ്ഞു.
മന്ത്രി വിഎൻ വാസവൻ സംസാരിക്കുന്നു (ETV Bharat) മാത്രമല്ല പൊതുമരാമത്ത് വകുപ്പ് പാതകൾ സഞ്ചാരയോഗ്യമാക്കും. നിലക്കൽ നിന്ന് പമ്പയിലേക്ക് ചെയിൻ സർവീസിന് പുറമെ കെഎസ്ആർടിസി പമ്പയിലേക്ക് ലോങ് സർവീസുകളും നടത്തുമെന്നും മന്ത്രി അറിയിച്ചു. നിലക്കലിൽ 10,500 ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
എരുമേലിയിൽ ഹൗസിങ് ബോഡിൻ്റെ ആറ് ഏക്കർ സ്ഥലം പാർക്കിങ് സൗകര്യമൊരുക്കാൻ വിട്ടുനൽകിയിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് പമ്പ വരെ പോകാൻ അനുമതി നൽകണമെന്ന് ഹൈക്കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. മരക്കൂട്ടത്തിൽ 1000 സ്‌റ്റീൽ കസേരകൾ ഈ വർഷം പുതിയതായി സ്ഥാപിച്ചുവെന്നും സന്നിധാനത്ത് 4000 പേർക്ക് വിരിവയ്ക്കാൻ കഴിയുന്ന വിരിപ്പന്തലിൻ്റെ നിർമ്മാണം പൂർത്തിയായെന്നും മന്ത്രി മന്ത്രി കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം 58 പേർ തീർഥാടനത്തിനിടെ മരണപ്പെടാനിടയായ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രാഥമിക ചികിത്സയ്ക്ക് പുറമേ ഇസിജി, എക്കോ, റ്റിഎംറ്റി, ബ്ലഡ് ടെസ്‌റ്റ് തുടങ്ങിയ പരിശോധനകൾക്കും സന്നിധാനത്ത് സംവിധാനമൊരുക്കും.
കഴിഞ്ഞ കാലങ്ങളിൽ പാമ്പ് കടിയേറെ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പല സ്ഥലങ്ങളിലായി പാമ്പ് പിടുത്തക്കാരെ വിന്യസിക്കും. കൂടാതെ എല്ലാ ഭാഗങ്ങളിലും ആൻ്റീ വെനം ലഭ്യമാക്കും. മാത്രമല്ല തമിഴ്‌നാട്ടിൽ നിന്നെത്തുന്ന 100 ഡോക്‌ടർമാരുടെ സേവനം പമ്പ മുതൽ സന്നിധാനം വരെ പ്രയോജനപ്പെടുത്തുമെന്നും വിഎൻ വാസവൻ പറഞ്ഞു.
അതേസമയം വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. സ്പോട് ബുക്കിങ്ങിനെപ്പറ്റി തീരുമാനം എടുത്തിട്ടില്ലെന്നും എന്നാൽ തീർഥാടനത്തിന് എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിജിപി ശ്രീജിത്തിൻ്റെയും രണ്ട് ഡിഐജിമാരുടേയും നേതൃത്വത്തിൽ 13,000 ത്തിലധികം പൊലീസുകാരെ ശബരിമലയിൽ സുരക്ഷ ജോലികൾക്കായി നിയോഗിച്ചിട്ടുണ്ട്. 17 വർഷമായി മുടങ്ങിക്കിടന്ന റോപ്‌വേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്നും വിഎൻ വാസവൻ പറഞ്ഞു.
പദ്ധതിക്കായി സ്ഥലം എടുക്കുന്ന സ്ഥലത്തിന് പകരം റവന്യു ഭൂമി നൽകുന്നത് സംബന്ധിച്ച അവ്യക്തത നീക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ അനുയോജ്യമായ സ്ഥലം വനംവകുപ്പ് തന്നെ കണ്ടെത്തുകയും റവന്യു വകുപ്പുമായി ധാരണയിലാവുകയും ചെയ്‌തതായും വിഎൻ വാസവൻ അറിയിച്ചു.
Also Read:ശബരിമല തീര്‍ഥാടനം: 'സന്നിധാനത്ത് സംവിധാനങ്ങള്‍ സുസജ്ജം': മന്ത്രി വിഎൻ വാസവന്‍