തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിലെ ആദ്യ ചരക്ക് കപ്പലായ മെസ്‌കിന്‍റെ സാന്‍ ഫെര്‍ണാണ്ടോയ്‌ക്ക് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം. രാവിലെ 7.15ഓടെയാണ് തുറമുഖത്തിന്‍റെ ഔട്ടര്‍ ഏരിയ എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് സാന്‍ ഫെര്‍ണാണ്ടോ എത്തിയത്. കടലില്‍ വാട്ടര്‍ സല്യൂട്ടോടെ സ്വീകരണമൊരുക്കിയപ്പോള്‍ തീരത്ത് കാത്തിരുന്നത് വാദ്യമേളങ്ങളോടെയുള്ള ആഘോഷമായിരുന്നു.
2000 കണ്ടയ്‌നറുകളുമായി വിഴിഞ്ഞത്ത് എത്തിയ കപ്പല്‍ 1930 കണ്ടയ്‌നറുകള്‍ തുറമുഖത്തിറക്കിയാകും മടങ്ങുക. നിലവില്‍ കപ്പലിന്‍റെ ബര്‍ത്തിങ് നടപടികള്‍ പുരോഗമിക്കുകയാണ്. നാളെ ആരംഭിക്കുന്ന ട്രയല്‍ റണ്ണിന് മുന്‍പായി ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ്, പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ നൽകുന്ന മെഡിക്കല്‍ ക്ലിയറന്‍സ് എന്നി നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിന് ശേഷം മാത്രമേ കണ്ടയ്‌നറുകള്‍ തുറമുഖത്തിന്‍റെ യാര്‍ഡിലേക്ക് ഇറക്കുകയുള്ളു.
കേരളത്തിന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നസാക്ഷാത്കാരമാണ് ഇന്ന് തീരമണഞ്ഞത്. ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാതാക്കളായ മെസ്‌കിന്‍റെ (MAERSK) സാന്‍ ഫെര്‍ണാണ്ടോയെന്ന മദര്‍ ഷിപ്പിനെ ജൂലൈ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് ഔദ്യോഗികമായി സ്വീകരിച്ചാല്‍ പിന്നാലെ മദര്‍ ഷിപ്പിലെത്തുന്ന കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനായി ഫീഡര്‍ കപ്പലുകള്‍ തുറമുഖത്തേക്ക് എത്തും. ചൈനയിൽ നിന്നും 2000 കണ്ടെയ്‌നറുകളുമായാണ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം പുറംകടലില്‍ ബുധനാഴ്‌ച നങ്കൂരമിട്ടത്.