തിരുവനന്തപുരം :വികസനത്തിന്‍റെയും അവസരങ്ങളുടെയും അനന്ത സാധ്യതകള്‍ തുറന്നിട്ട് രാജ്യാന്തര വന്‍കിട തുറമുഖ ഭൂപടത്തില്‍ വിഴിഞ്ഞം അടയാളം രേഖപ്പെടുത്തി. ലോകത്തിലെ പടുകൂറ്റന്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്ന മദര്‍പോര്‍ട്ട് എന്ന ബഹുമതി നേടിയ തുറമുഖ യാര്‍ഡിലേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സാന്‍ ഫെര്‍ണാണ്ടോ എന്ന 300 മീറ്റര്‍ നീളമുള്ള മദര്‍ഷിപ്പിന്‍റെ ട്രയല്‍ റണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തു.
തികച്ചും ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍വാനന്ദ് സോനോബാള്‍, മന്ത്രിമാരായ വിഎന്‍ വാസവന്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, സജി ചെറിയാന്‍, കെ രാജന്‍, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, എഎ റഹിം എംപി, എം വിന്‍സെന്‍റ് എംഎല്‍എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖമാണ് വിഴിഞ്ഞം. 17 മുതല്‍ 20 വരെയാണ് തുറമുഖത്തിന്‍റെ ആഴം. ഇന്നലെ തുറമുഖത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോ എന്ന 300 മീറ്റര്‍ നീളമുള്ള മദര്‍ഷിപ്പിന്‍റെ ആഴമാകട്ടെ വെറും 10 മീറ്റര്‍ മാത്രമാണ്. ലോകത്ത് ഇന്നുള്ള ഏറ്റവും വലിയ മദര്‍ഷിപ്പിന്‍റെ നീളം 400 മീറ്ററും. വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ യാര്‍ഡിന്‍റെ നീളമാകട്ടെ 600 മീറ്ററുണ്ട് എന്നത് കൊണ്ടു തന്നെ സമീപഭാവിയില്‍ നിര്‍മിക്കപ്പെടുന്ന ഇതിലും വലിയ മദര്‍ഷിപ്പുകളെ പോലും ഉള്‍ക്കൊള്ളാന്‍ വിഴിഞ്ഞം തുറമുഖത്തിനു കഴിയും.