ഈ കമ്മീഷണര്‍ ചില്ലറക്കാരനല്ല; പ്രതിബന്ധങ്ങളോട് പടവെട്ടി വെട്ടിപ്പിടിച്ച നേട്ടങ്ങളുമായി സതേന്ദര്‍ സിങ്ങ് - INSPIRING STORY OF SATENDER SINGH
അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ മയ്യഴിയുടെ വികസനത്തിന് ചുക്കാന്‍ പിടിക്കാന്‍ മുനിസിപ്പല്‍ കമ്മീഷണറായി ചുമതലയേറ്റ് ഉത്തര്‍പ്രദേശ് സ്വദേശി സതേന്ദ്ര സിങ് ഐഎഎസ്
കണ്ണൂര്‍: മയ്യഴി നഗരസഭയെ നയിക്കാന്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നെത്തിയ ഒരു മുപ്പത്തഞ്ചുകാരന്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റു. മയ്യഴി പൗരാവലി തങ്ങളുടെ പുതിയ നഗരസഭാ കമ്മീഷണറെ ആദരപൂര്‍വ്വം വരവേറ്റു. പക്ഷേ ആദരിച്ചവര്‍ക്കുമറിയില്ലായിരുന്നു ഈ ചെറുപ്പക്കാരന്‍ കടന്നു വന്ന തീക്കനല്‍പ്പാതകളെപ്പറ്റി. ഒറ്റനോട്ടത്തില്‍ ആരും പറയില്ല ഈ യുവാവ് കാഴ്‌ചപരിമിതിയുള്ളയാളാണെന്ന്. ആ പരിമിതികളൊന്നും ജനസേവനത്തിന് തടസ്സമാകില്ലെന്ന് സതേന്ദ്ര സിങ്ങും പറയുന്നു.
സതേന്ദ്ര സിങ് നഗരസഭാ ഓഫീസിൽ (ETV Bharat)
വെളിച്ചത്തിന്‍റെ ലോകം നഷ്‌ടമാകുന്നു
ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ നിന്നുള്ള സതേന്ദ്ര സിങ്ങിന് നന്നേ കുഞ്ഞായിരിക്കേ കാഴ്‌ചയുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് ശൈശവത്തില്‍ത്തന്നെ സതേന്തറിന് കാഴ്‌ച നഷ്‌ടമാകുന്നത്. കേവലം ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് വര്‍ണ്ണവൈവിധ്യങ്ങളുടെ ഈ ലോകം കുഞ്ഞു സതേന്ദ്ര സിങ്ങിന് അന്യമായത്.
സതേന്ദ്ര സിങ്ങിനെ സന്ദർശിക്കുന്ന സംഘടനാ നേതാക്കൾ (ETV Bharat)
ഒരു ന്യൂമോണിയ ബാധയിലായിരുന്നു തുടക്കം. തുടര്‍ന്നെടുത്ത കുത്തിവെപ്പിലാണ് കാഴ്‌ച നഷ്‌ടമായത്. പിന്നീടങ്ങോട്ട് അകക്കണ്ണിന്‍റെ വെളിച്ചത്തിലായിരുന്നു സതേന്ദറിന്‍റെ മുന്നേറ്റമൊക്കെ. കാഴ്‌ചപരിമിതരെ സംബന്ധിച്ച് ഏറെ പ്രയാസകരമെന്ന് കരുതുന്ന ഉന്നത വിദ്യാഭ്യാസത്തില്‍ ഒരിടത്തും അമാന്തിച്ചു നിന്നില്ല സതേന്ദ്ര സിങ്ങ്. താന്‍ നേരിട്ട അന്ധതയെ ഉള്‍വെളിച്ചത്തിലൂടെ കീഴടക്കുന്നതിനുള്ള ഉള്‍ക്കരുത്ത് ആ വിദ്യാര്‍ത്ഥി നേടിക്കഴിഞ്ഞിരുന്നു.
SATENDER SINGH (fb/satender.singh.5076)
പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം ഡല്‍ഹിയിലെ പ്രശസ്‌തമായ സെന്‍റ് സ്‌റ്റീഫന്‍സ് കോളേജിലായിരുന്നു ഉന്നത വിദ്യാഭ്യാസം. പൊളിറ്റിക്കല്‍ സയന്‍സിലും ഹിസ്‌റ്ററിയിലും മികച്ച മാര്‍ക്കോടെ ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്ദന്തര ബിരുദവും എം ഫിലും പിഎച്ച്ഡിയും കരസ്ഥമാക്കി. പൊളിറ്റിക്‌സും ഇന്‍റര്‍നാഷണല്‍ റിലേഷന്‍സുമായിരുന്നു വിഷയങ്ങള്‍. ജെഎന്‍യുവിലെ പഠനകാലത്തു തന്നെ നേതൃത്വ മികവ് പ്രകടമാക്കിയിരുന്നു ഈ ചെറുപ്പക്കാരന്‍. അവിടെ ചര്‍ച്ചാവേദിയുടെ (Debating Club) കണ്‍വീനറായിരുന്നു സതേന്ദ്ര സിങ്ങ്.
സതേന്ദ്ര സിങ് കേന്ദ്രമന്ത്രി നിർമലാ സീതാരാമനൊപ്പം (fb/satender.singh.5076)
സിവില്‍ സര്‍വീസിലേക്ക്
പഠനം കഴിഞ്ഞതോടെ കുറച്ചു കാലം അധ്യാപകനായി ജോലി നോക്കിയ സതേന്ദ്ര സിങ്ങ് സിവില്‍ സര്‍വീസ് നേടണമെന്ന കലശലായ മോഹത്തിലായിരുന്നു. അങ്ങിനെയാണ് ഡല്‍ഹിയിലെ മാളവ്യാ നഗറിലുള്ള ശ്രീ അരവിന്ദോ കോളേജില്‍ അസിസ്‌റ്റന്‍റ് പ്രൊഫസറായിരുന്ന സതേന്ദര്‍ സിങ്ങ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. കാഴ്‌ച പരിമിതി അവിടെയൊന്നും വിലങ്ങുതടിയായില്ല. സഹായിയെ വെച്ച് പരീക്ഷയെഴുതി അവിടെയും വിജയം കൊയ്‌തു ഇദ്ദേഹം.
SATENDER SINGH (fb/satender.singh.5076)
2018 ല്‍ ആദ്യ ശ്രമത്തില്‍ കിട്ടിയത് 714-ാം റാങ്കായിരുന്നു. പരിശ്രമം അവിടംകൊണ്ട് നിര്‍ത്തിയില്ല. 2021 ല്‍ വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. ഇത്തവണ 370-ാം റാങ്ക് ലഭിച്ചു. അങ്ങിനെ കേന്ദ്ര സര്‍വീസില്‍ നിയമനവും ലഭിച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ അസിസ്‌റ്റന്‍റ് ഡയറക്‌ടറായി ആഞ്ചു വര്‍ഷം സേവനമനുഷ്‌ഠിച്ച ശേഷമാണ് സതേന്ദര്‍ സിങ്ങ് മാഹിയിലേക്ക് നിയോഗിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം മാഹി നഗരസഭാ കമ്മീഷണറായി ചുമതലയേറ്റു.
സതേന്ദ്ര സിങ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനൊപ്പം (fb/satender.singh.5076)
നേരിടാനുള്ളത് വെല്ലുവിളികള്‍
33 വര്‍ഷം മുമ്പ്, കോട്ടയത്തിനു ശേഷം സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ രാജ്യത്തെ രണ്ടാമത്തെ നഗരസഭയായിരുന്നു മാഹി. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായിരിക്കേ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മിക്കതിന്‍റേയും പരീക്ഷണ ശാലയായിരുന്ന മാഹി. വിദ്യാഭ്യാസ, ആരോഗ്യ, പൊതുവിതരണ രംഗങ്ങളിലും വികസന സൂചികയിലും മാഹി മുന്നിട്ടുനിന്നു. എന്നാൽ രാഷ്‌ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാല്‍ പുതുച്ചേരിയുടെ സമ്പദ്ഘടന വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ മാഹിയിലെ വികസനവും സ്‌തംഭനത്തിലായി.
ആകെ കുത്തഴിഞ്ഞു കിടക്കുന്ന മയ്യഴിയെ നയിക്കാനുള്ള ദൗത്യമാണ് ഉത്തര്‍പ്രദേശുകാരനായ സതേന്ദര്‍ സിങ്ങിന് ലഭിച്ചിരിക്കുന്നത്. രാജ്യത്ത് നഗരസഭാ തെരഞ്ഞെടുപ്പ് നടക്കാത്ത, പ്രാദേശിക സ്വയം ഭരണം നടക്കാത്ത, പൊതുവിതരണ സംവിധാനം ഇല്ലാത്ത, തെരുവ് നായ ശല്യവും ഖര മാലിന്യ പ്രശ്‌നവും രൂക്ഷമായ നഗരസഭയുടെ കമ്മീഷണറെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഈ ചെറുപ്പക്കാരനുള്ളതെന്ന് ജോയന്‍റ് റസിഡൻസ് അസോസിയേഷന്‍ ഭാരവാഹികൾ പറഞ്ഞു. മാഹിയുടെ വികസന മുരടിപ്പിന് പുതിയ കമ്മീഷണറിലൂടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് മയ്യഴി ജനത.
നഗരസഭയുടെ അമരത്തേക്ക് ഈ മുപ്പത്തഞ്ചുകാരനെത്തുമ്പോള്‍ കാഴ്‌ച പരിമിതി അദ്ദേഹത്തിന് ഒരു തടസ്സമാകുന്നില്ല. മികച്ച മോട്ടിവേഷന്‍ സ്‌പീക്കര്‍ കൂടിയാണ് സതേന്ദ്ര സിങ്. ഭരണ ചുമതലകളില്‍ ഇദ്ദേഹത്തെ സഹായിക്കാന്‍ ഒരു അസിസ്‌റ്റന്‍റിനെക്കൂടി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. മാഹിയിലെ പൗരാവലിയും വ്യാപാരി വ്യവസായി പ്രതിനിധികളും മറ്റ് സംഘടനകളും ചേർന്ന് പുതിയ കമ്മീഷണര്‍ക്ക് വരവേല്‍പ്പും നല്‍കി.