Vishnupriya Murder Case (Source: ETV Bharat Reporter) കണ്ണൂര്‍: പ്രണയത്തില്‍ നിന്നും പിന്മാറിയതിന്‍റെ വൈരാഗ്യത്തില്‍ വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്‌ണുപ്രിയയെ (25) വീട്ടില്‍ കയറി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശി എം.ശ്യാംജിത്തിനെയാണ് (28) കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷാവിധി തിങ്കളാഴ്‌ച (മെയ് 13).
2022 ഒക്‌ടോബര്‍ 22-നാണ് കേസിനാസ്‌പദമായ സംഭവം. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്‌ണുപ്രിയ. ശ്യാംജിത്തുമായി സൗഹൃദത്തിലായിരുന്ന വിഷ്‌ണുപ്രിയ അതില്‍ നിന്നും പിന്മാറിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സൗഹൃദത്തില്‍ നിന്നും പിന്മാറി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് കൊലപാതകം നടന്നത്. കുടുംബം ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന വിഷ്‌ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ശ്യാംജിത്ത് കൊലപ്പെടുത്തിയത്.
കഴുത്തറുത്തും കൈ ഞരമ്പുകള്‍ മുറിച്ചുമാണ് പ്രതി വിഷ്‌ണുപ്രിയയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ സ്ഥലം വിട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്‌തിരുന്നു. ബന്ധുവീട്ടില്‍ ചടങ്ങിനെത്തിയ യുവതി വിഷ്‌ണുപ്രിയയുടെ വീട്ടിലേക്ക് വന്നപ്പോഴാണ് കൊലപാതകം നടന്നതായി കണ്ടത്. ഇതോടെ കുടുംബത്തെയും നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
29 മുറിവുകളാണ് വിഷ്‌ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ 10 മുറിവുകള്‍ മരണ ശേഷമുള്ളതായിരുന്നു. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്യാംജിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
പ്രണയപ്പകയിലെ കൊടും ക്രൂരത: വിഷ്‌ണുപ്രിയെയും സുഹൃത്തായ പൊന്നാനി സ്വദേശിയേയും കൊല്ലാൻ ശ്യാംജിത്ത് പദ്ധതി ഇട്ടിരുന്നുവെന്ന് തുടര്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ വിഷ്‌ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നതാണ് പദ്ധതിക്ക് കാരണം. ശ്യാംജിത്തുമായുള്ള ബന്ധം പിരിഞ്ഞതാണ് സംശയത്തിന് ഇടയാക്കിയത്.
ഇതോടെയാണ് വിഷ്‌ണുപ്രിയയേയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചത്. സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ 'അഞ്ചാം പാതിര'യാണ് കൊലപാതകത്തിന് പ്രചോദനമായതെന്ന് ശ്യാംജിത്ത് പൊലീസിന് മൊഴി നൽകി. ചിത്രത്തിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് സ്വയം കത്തി ഉണ്ടാക്കി കൊലപാതകം നടത്താൻ തീരുമാനിച്ചത്.
വിഷ്‌ണുപ്രിയ പൊന്നാനിക്കാരനായ സുഹൃത്തിനെ വീഡിയോ കോൾ ചെയ്യുമ്പോഴാണ് തലയ്‌ക്കടിച്ച് വീഴ്ത്തിയത്. ഇതാണ് പ്രതിയെ ഉടനടി പിടികൂടാന്‍ പൊലീസിന് സഹായകമായത്. വീട്ടിൽക്കയറി ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ ഇതെല്ലാം കണ്ടെടുത്തിരുന്നു.