കൊല്ലം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ വിജിലൻസ് സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ രണ്ട് ഡ്രൈവർമാർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പരിശോധന വിവരം മുൻകൂട്ടി അറിഞ്ഞ് 25 ഓളം ജീവനക്കാർ ഇന്ന് അവധിയെടുത്തു. രാവിലെ മുതൽ പരിശോധന നടത്തിയത് കൊണ്ട് പതിനൊന്ന് മണിക്ക് ഡ്യൂട്ടിൽ കയറേണ്ട ജീവനക്കാരാണ് വിവരമറിഞ്ഞ് അവധിയെടുത്തത്. ഇത് കാരണം കൊല്ലം, കൊട്ടാരക്കര, പുന്നല, ഏനാത്ത് തുടങ്ങിയ ഗ്രാമീണ മേഖലകളിലടക്കം 15 സർവീസുകൾ മുടങ്ങി.
സർവീസ് മുടക്കിയത് കാരണം കൊടുംചൂടിൽ യാത്രക്കാർ വലഞ്ഞു. മദ്യപിച്ചതായി കണ്ടെത്തിയ ഡ്രൈവർമാർക്കെതിരെയും അകാരണമായി അവധിയെടുത്തവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പത്തനംതിട്ട വിജിലൻസ് ഇൻസ്‌പക്‌ടർ ഇൻ ചാർജ് ജയചന്ദ്രൻ പിള്ള, ഉദ്യോഗസ്ഥരായ പ്രകാശ് ചന്ദ്രൻ, അനൂപ് എന്നിവരാണ് പരിശോധന നടത്തിയത്.