തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക പരമ്പരയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഷമിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. പ്രതി അഫാന്‍റെ മാതാവായ ഷമി ഇപ്പോള്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവര്‍ കണ്ണ് തുറന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആരോഗ്യ സ്ഥിതി സാധാരണ നിലയിലാകാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊലപാതക പരമ്പരയുടെ ചുരുളഴിക്കാന്‍ പൊലീസിന് ഏറെ സഹായകമാകുമെന്ന് കരുതുന്ന ഏക പിടിവള്ളി കൂടിയാണ് അഫാന്‍റെ മാതാവ് ഷമിയുടെ മൊഴി. അതിനാല്‍ ഷമി എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കൊലപാതകം നടത്തിയതിന്‍റെ ക്രമം അനുസരിച്ചും അന്വേഷണ സംഘത്തിന് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
ആദ്യം 90 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം പുല്ലമ്പാറ എസ്എന്‍ പുരത്തെത്തി പിതൃസഹോദരനും സിആര്‍പിഎഫ് റിട്ടേഡ് ഉദ്യോഗസ്ഥനുമായ ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും കൊലപ്പെടുത്തി. അതിനുശേഷം പെണ്‍ സുഹൃത്തായ ഫര്‍സാനയ്‌ക്കൊപ്പം പേരുമലയിലെ സ്വന്തം വീട്ടിലെത്തിയ അഫാന്‍ ഫര്‍സാനയെയും 13 വയസായ അനുജന്‍ അഫ്‌സാനെയും കൊലപ്പെടുത്തി.
കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാതാവ് ഷമിയെയും ചുറ്റിക കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച ശേഷം മരിച്ചെന്ന് കരുതി വീട്ടിനുള്ളില്‍ ഗ്യാസ് തുറന്നു വിട്ട ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ച ശേഷം കീഴടങ്ങുകയായിരുന്നു എന്നാണ് ഇപ്പോള്‍ പൊലീസിന്‍റെ നിഗമനം. എന്നാല്‍ ഇത് നടന്നത് ഇങ്ങനെ തന്നെ ആയിരിക്കണം എന്ന കാര്യം പൊലീസ് ഉറപ്പിക്കുന്നുമില്ല.
പ്രതിയായ അഫാന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസാണ് മാതാവ് ഷമിയെ ഗുരുതരാവസ്ഥയില്‍ ഗോകുലം മെഡിക്കല്‍ കോളജിലെത്തിച്ചത്. സംഭവത്തിനു ശേഷം എലി വിഷം കഴിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് അഫാനെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തുടക്കത്തില്‍ ചികിത്സയോട് സഹകരിക്കാതിരുന്ന അഫാന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്‌ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. അതിനിടെ പൊലീസ് അഫാന്‍റെ മൊഴിയെടുക്കുന്നത് ആരംഭിച്ചെങ്കിലും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.