തിരുവനന്തപുരം : എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതോടെ എല്‍ഡിഎഫിലെ ഘടക കക്ഷികളേക്കാള്‍ സ്വാധീനം ആര്‍എസ്എസിനാണെന്ന് ഒന്നുകൂടി തെളിയിക്കപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍എസ്എസ് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിട്ടും വിശദീകരണം ചോദിക്കാനോ നടപടി എടുക്കാനോ തയാറാകാതെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്‍റെ ഏറ്റവും വലിയ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. അജിത് കുമാറിനെതിരെ നടപടി എടുത്താല്‍ അത് ആര്‍എസ്എസിനെ വേദനിപ്പിക്കും എന്നത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.
സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ പറഞ്ഞാലും കാര്യമില്ല, ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി എല്‍.ഡി.എഫ് യോഗത്തിന് നല്‍കിയത്. സിപിഐക്ക് മുന്നണിയില്‍ എന്ത് വിലയാണുള്ളതെന്ന് അവര്‍ തന്നെ ആലോചിക്കട്ടെ. സിപിഐ സെക്രട്ടറി പുറത്ത് ആഞ്ഞടിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ എഴുതിയത്. പക്ഷെ അകത്ത് ചെന്നപ്പോള്‍ ആഞ്ഞടിച്ചോയെന്ന് അറിയില്ല.
പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ സിപിഐയേക്കാള്‍ സ്വാധീനം ആര്‍എസ്എസിനാണെന്നു വ്യക്തമായി. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ വിഷയം എല്‍ഡിഎഫ് യോഗത്തിന്‍റെ അജണ്ടയില്‍ പോലും ഇല്ലായിരുന്നു എന്നത് അത്ഭുതകരമാണ്. എന്തൊരു ദയനീയമായ സ്ഥിതിയിലാണ് ഘടക കക്ഷികള്‍.
സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വാക്കിന് എന്തെങ്കിലും വിലയുണ്ടോയെന്ന് അവര്‍ തന്നെ പരിശോധിക്കട്ടെ. അവര്‍ ഇടത് മുന്നണിയില്‍ എന്തെങ്കിലും സ്വാധീനം ഉണ്ടോയെന്നും അവര്‍ ആലോചിക്കട്ടെ. അവര്‍ കുറെ ദിവസങ്ങളായി ഉയര്‍ത്തിക്കൊണ്ട് വന്ന വിഷയമാണ് ഇടതു മുന്നണി യോഗത്തിന്‍റെ അജണ്ടയില്‍ പോലും ഉള്‍പ്പെടാതിരുന്നത്. എന്തൊരു അപമാനമാണ് ഘടകകക്ഷികള്‍ക്കുണ്ടായതെന്നും വിഡി സതീശന്‍ ചോദിച്ചു.
മര്യാദയ്ക്ക് ഇരുന്നാല്‍ മതിയെന്ന സന്ദേശമാണ് സിപിഎം ഘടക കക്ഷികള്‍ക്ക് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യം സിപിഎമ്മിന് മേല്‍ മാത്രമല്ല ഘടകകക്ഷികളുടെ നേര്‍ക്കും അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. താന്‍ പറയുന്നത് അനുസരിക്കുന്നവരോട് മുഖ്യമന്ത്രിക്ക് അസാധാരണമായി കരുതലാണ് ഉള്ളതെന്ന് കൂടി വ്യക്തമായിരിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
ആര്‍എസ്എസിന്‍റെ ഗണേശോത്സവം കഴിഞ്ഞ ദിവസം എറണാകുളത്ത് ഉദ്ഘാടനം ചെയ്തെന്നതാണ് എനിക്കെതിരെയുള്ള അടുത്ത പ്രചരണം. അത് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയല്ല. എറണാകുളം ക്ഷേത്രവും ഗണേശോത്സവം ട്രസ്റ്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. എംപിയും എംഎല്‍എയും പങ്കെടുത്ത സമാപന പരിപാടിയാണ് ഞാന്‍ ഉദ്ഘാടനം ചെയ്‌തത്. ഇതേ ഗണേശോത്സവം 2018-ല്‍ ഉദ്ഘാടനം ചെയ്‌തത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണെന്നത് ക്യാപ്സ്യൂള്‍ ഇറക്കിയ സിപിഎം മറന്നു പോയി എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
'സംഘി പട്ടം ഞങ്ങളുടെ തലയില്‍ കെട്ടേണ്ട. സംഘി പട്ടം ഇപ്പോള്‍ തലയില്‍ കെട്ടി നില്‍ക്കുന്നത് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. കാഫിര്‍ വിവാദവും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതും തൃശൂര്‍ പൂരം കലക്കിയതുമൊക്കെ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. സിപിഎമ്മിന്‍റെ കപട മതേതരത്വത്തിന്‍റെ മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്.
മുഖ്യമന്ത്രി പരിഹാസ്യനായാണ് ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യത്തിന് പോലും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. ഒരു പുസ്‌തകം എഴുതാനുള്ള ബന്ധം സിപിഎമ്മിനും പിണറായി വിജയനും ആര്‍എസ്എസുമായുണ്ട്. റാം മാധവിനെ കാണാന്‍ എഡിജിപിക്കൊപ്പം പോയവരുടെ പേരുകള്‍ പുറത്തുവരും. സിപിഎമ്മിലെ കൊട്ടാര വിപ്ലവത്തിലും ആഭ്യന്തര പ്രശ്‌നങ്ങളിലും പ്രതിപക്ഷത്തിന് താത്പര്യമില്ല.
ഞങ്ങള്‍ക്ക് പൊതുതാല്‍പര്യം മാത്രമേയുള്ളൂ. പൊലീസും ആരോപണം ഉന്നയിച്ചയാളും ഫോണ്‍ ചോര്‍ത്തുന്നതില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നവര്‍ പ്രതിപക്ഷ നേതാവിന്‍റെ ഫോണും ചോര്‍ത്തും. കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നതിനെതിരെ സമരം നടത്തുന്നവരാണ് ഇവിടെ ഫോണ്‍ ചോര്‍ത്തുന്നത്. എല്ലാ വിഷയങ്ങളിലും ഇരട്ടത്താപ്പാണ്.
ഇടതുപക്ഷ സഹയാത്രികര്‍ പോലും ഈ സര്‍ക്കാരിനെ വെറുക്കുകയാണ്. നേരത്തെ പേടിച്ചിട്ടാണ് പലരും മിണ്ടാതിരുന്നത്. ഇപ്പോള്‍ പറഞ്ഞു തുടങ്ങി. ബംഗാളിലേത് പോലെ കമ്മ്യൂണിസത്തെ കുഴിച്ചു മൂടിയിട്ടേ പിണറായി വിജയന്‍ പോകൂ. എല്‍ഡിഎഫ് കണ്‍വീനറെ പോലുള്ള പാവങ്ങള്‍ക്ക് ഇതില്‍ ഒരു കാര്യവുമില്ല. തൃപ്‌തിയോടയല്ല, നിവൃത്തിയില്ലാത്തത് കൊണ്ട് സംസാരിക്കുന്നു എന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. എല്ലാവരുടെയും മനസ്, മുഖം നേക്കിയാല്‍ തന്നെ വായിച്ചെടുക്കാം. അവസാന കാലത്ത് അല്ലെങ്കിലും ഇങ്ങനെയൊക്കെ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
Also Read:'നീതി ലഭിക്കും വരെ പോരാട്ടം തുടരും': ടിപി രാമകൃഷണന് മറുപടിയുമായി പിവി അൻവർ