കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ മൂന്ന് വാഹനങ്ങൾക്കുനേരെ കല്ലേറ്. വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെയാണ് കൊയിലാണ്ടിയിൽ കല്ലേറുണ്ടായത്. വാഹനങ്ങളുടെ ചില്ലുകൾ കല്ലേറിൽ തകർന്നു.
പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ചേവായൂർ സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് പാനലും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിലാണ് മത്സരം. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്.
എന്നാൽ, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം, കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. ഇവരെ പിന്തുണച്ച് സിപിഎം എത്തുകയായിരുന്നു. ഇതോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയത്.

1800ഓളം ആളുകളെ അനധികൃതമായി പുതുതായി ചേർത്തെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന്, തർക്കമുന്നയിക്കപ്പെട്ട 1800ഓളം വോട്ടുകൾ പ്രത്യേകം പെട്ടിയിലാക്കാനാണ് കോടതി നിർദേശം.

കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് കെ സുധാകരൻ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തടി വേണോ ജീവന്‍ വേണോയെന്ന് ഓര്‍ക്കണം. എവിടെ നിന്നാണ് ശൂലം വരിക എന്നൊന്നും താൻ പറയുന്നില്ലെന്നും ആ സമയം താനും ഇവിടെ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Also Read : വനിത എ എസ് ഐയെക്കൊണ്ട് മാപ്പ് പറയിച്ച് എസ്എഫ്ഐ നേതാവ്; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി