പാലക്കാട്: കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്‌നേഹത്തിന്‍റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ വലിയ കസേരകള്‍ കിട്ടട്ടെയെന്ന് ആശംസിക്കുന്നുവെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. ഇവിടെ കിട്ടിയതിനെക്കാള്‍ വലിയ കസേരകള്‍ സന്ദീപിന് കിട്ടട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തിരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഡി സതീശന്‍ സഞ്ജിത്തിന്‍റെയും ശ്രീനിവാസന്‍റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്‍റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തത്. പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് അത് ശരിയായ നിലയില്‍ ഉള്‍ക്കൊള്ളാനാകുമെന്ന് താന്‍ കരുതുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബലിദാനികളുടെ കാര്യത്തില്‍ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതൊരു അപ്രസക്തമായ തിരക്കഥയാണ്. ഈ തെരഞ്ഞെടുപ്പിലോ ബിജെപിയിലോ കേരളത്തിനകത്തോ ഇത് ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല. സന്ദീപിനെതിരെ നേരത്തെയും പാര്‍ട്ടി നടപടി എടുത്തിട്ടുള്ളതാണ്.
അത് ഫെയ്‌സ്‌ബുക്കിന്‍റെ പേരിലായിരുന്നില്ല. അന്ന് അക്കാര്യം വെളിപ്പെടുത്താതിരുന്നത് രാഷ്‌ട്രീയപാര്‍ട്ടിയുടെ മാന്യത പുലര്‍ത്തിയത് കൊണ്ടാണ്. അത്തരം കാര്യങ്ങള്‍ പുറത്ത് പറയുന്നത് രാഷ്‌ട്രീയ മര്യാദയല്ല. സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ കെ സുധാകരനോടും വിഡി സതീശനോടും ആവശ്യപ്പെടുകയാണ്.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം മണക്കുന്നു. യുഡിഎഫ് തകര്‍ന്ന് തരിപ്പണമാകും. സുധാകരനും സതീശനും എല്ലാ ആശംസകളും. സന്ദീപ് വാര്യരെ പോലൊരാളെ കോണ്‍ഗ്രസ് പാര്‍ട്ടി നെഞ്ചോട് ചേര്‍ത്ത് പിടിക്കണം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെയെന്നും സുരേന്ദ്രന്‍ പരിഹസരിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് എത്തിയത്. ഉപതെരഞ്ഞെടുപ്പിന്‍റെ നിര്‍ണായക ഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ ബിജെപിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയുന്നു. നേരത്തെ, ചില പരാതികളുടെ അടിസ്ഥാനത്തില്‍ ബിജെപി വക്താവിന്‍റെ പദവിയില്‍ നിന്നടക്കം സന്ദീപിനെ മാറ്റിയിരുന്നു.
പിന്നീട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുൻകയ്യെടുത്ത് സന്ദീപിനെ തിരികെ നേതൃനിരയിലേക്ക് എത്തിച്ചത്. എന്നാല്‍ വേണ്ട രീതിയിലുള്ള പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു. ഇതിനിടെ സന്ദീപ് സിപിഎമ്മിലേക്കു പോകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. സിപിഐയുമായി ചർച്ച നടത്തിയെന്നും സൂചനയുണ്ടായിരുന്നു.
Also Read; 'സ്‌നേഹത്തിന്‍റെ കടയില്‍ അംഗത്വമെടുക്കുന്നു'; കോണ്‍ഗ്രസിന് 'കൈ കൊടുത്ത്' സന്ദീപ് വാര്യര്‍