വയനാട്: അമ്പലവയലിൽ ഏഴ് റിസോർട്ടുകൾ പൊളിക്കാൻ സബ് കലക്‌ടറുടെ ഉത്തരവ്. നെന്‍മേനി പഞ്ചായത്തില്‍ ചരിത്ര സ്‌മാരകമായ എടക്കല്‍ റോക്ക് ഷെല്‍റ്റര്‍ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയിലെ റിസോര്‍ട്ടുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടത്.
പ്രകൃതി ദുരന്ത സാധ്യതാ മേഖലയിലാണ് റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഏഴ് റിസോര്‍ട്ടും അനുബന്ധ നിര്‍മിതികളും പൊളിച്ചുനീക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
അമ്പുകുത്തി ഈഗിള്‍ നെസ്റ്റ് റിസോര്‍ട്ട്, റോക്ക് വില്ല റിസോര്‍ട്ട്, എടക്കല്‍ വില്ലേജ് റിസോര്‍ട്ട്, അസ്റ്റര്‍ ഗ്രാവിറ്റി റിസോര്‍ട്ട്, നാച്യുറിയ റിസോര്‍ട്ട്, ആര്‍ജി ഡ്യു റിസോര്‍ട്ട്, ഗോള്‍ഡന്‍ ഫോര്‍ട്ട് റിസോര്‍ട്ട് എന്നിവയും നീന്തല്‍ക്കുളം ഉള്‍പ്പെടെ മറ്റു നിര്‍മിതികളും പൊളിച്ചുമാറ്റാനാണ് സബ് കലക്‌ടര്‍ മിസല്‍ സാഗര്‍ ഭരത് ഉത്തരവിട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം നിര്‍മിതികള്‍ പൊളിക്കണമെന്നാണ് സബ് കലക്‌ടറുടെ നിര്‍ദേശം. പൊളിക്കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ ജനുവരി എട്ടിന് രാവിലെ 11നകം ബോധ്യപ്പെടുത്തണം.
അമ്പുകുത്തിമലയിലെ അനധികൃത നിര്‍മാണം സംബന്ധിച്ച് സെപ്റ്റംബര്‍ 28 ലെ ജില്ലാ വികസന സമിതി യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സബ് കലക്‌ടര്‍ വിഷയത്തില്‍ ഇടപെട്ടത്.
അനധികൃത നിര്‍മാണം സംബന്ധിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ബത്തേരി തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫിസര്‍, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവരടങ്ങുന്ന സമിതിയെ സബ് കലക്‌ടര്‍ നിയോഗിച്ചിരുന്നു. സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ ഡിസംബര്‍ 12ന് സമര്‍പ്പിച്ചു.
അമ്പുകുത്തിമലയില്‍ ഏഴ് റിസോര്‍ട്ടുകള്‍ പ്രകൃതി ദുരന്ത സാധ്യതാ മേഖലയിലാണെന്ന് ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍മിതികള്‍ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പൊളിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിരുന്നു. റിസോര്‍ട്ടുകളും അനുബന്ധ നിര്‍മിതികളും പൊളിച്ചു തുടങ്ങുമ്പോഴും പൂര്‍ത്തിയാകുമ്പോഴുമുള്ള സാഹചര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ നെന്‍മേനി വില്ലേജ് ഓഫിസറെ കലക്‌ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Also Read: തുടക്കത്തിലെ വേഗം കുറഞ്ഞു, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തി; ചൂരല്‍മലക്കാരുടെ 'ജനശബ്‌ദം'