മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി തനിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്‌തതായി പിവി അൻവർ എംഎല്‍എ. ആളുകളുടെ കണ്ണിൽ പൊടിയിടാനാണ് കോടതിയിൽ പരാതി നൽകിയതെന്ന് പിവി അന്‍വര്‍ ആരോപിച്ചു. താൻ ഉന്നയിച്ച വിഷയങ്ങളിൽ ഒരു നടപടിയും ഉണ്ടായില്ല. പി ശശിയുടെ വാറോലക്ക് മറുപടി കൊടുക്കില്ലെന്നും കോടതിയിൽ കാണാമെന്നും അന്‍വര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പിവി അൻവർ പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ലെന്ന് പാർട്ടി സഖാക്കൾ ചോദിച്ചു. അങ്ങനെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ കോടതിയിൽ പരാതി നൽകിയത്. എനിക്ക് കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് പി ശശി തെളിയിക്കണമെന്നും പിവി അന്‍വര്‍ ആവശ്യപ്പെട്ടു.
തന്‍റെ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണമില്ല. ആകെ ചെയ്‌തത് അജിത് കുമാറിനെ ഒരു കസേരയിൽ നിന്ന് മറ്റൊരു കസേരയിലേക്ക് മാറ്റി എന്നതാണ്. സസ്‌പെന്‍റ് ചെയ്യണം എന്നതായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്.
സിപിഐയെ കാണാൻ പോലുമില്ല. സ്വർണം കടത്തിയ ഒരാളുടെ മൊഴി പോലും എടുത്തില്ല.
എടവണ്ണ റിദാൻ കേസിലും യാതൊരു നീക്കവുമുണ്ടായില്ല. കേസ് അട്ടിമറിക്കുകയാണുണ്ടായത്. മാമി കേസിലും ഒന്നുമുണ്ടായില്ലെന്നും പിവി അൻവർ പറഞ്ഞു.
തന്‍റെ ആരോപണങ്ങൾ ചേലക്കര തെരഞ്ഞെടുപ്പിൽ വലിയ വിഷയമായി. ചേലക്കരയില്‍ ഡിഎംഎംകെ നേട്ടമുണ്ടാക്കും. സിപിഎമ്മിൽ നിന്ന് ഡിഎംകെക്ക് വോട്ട് കിട്ടി. പാലക്കാട്ടും സിപിഎമ്മിന് തിരിച്ചടിയുണ്ടാകുമെന്ന് അന്‍വര്‍ പറഞ്ഞു.
ഇപി ജയരാജന്‍ വിഷയം
ഇപി എഴുതാത്തത് പുറത്ത് വന്നത് ആർക്ക് വേണ്ടിയാണെന്ന് അന്‍വര്‍ ചോദിച്ചു. ഇപിയുടെ പുസ്‌തകത്തിലെ ഭാഗം ഓർഗനൈസ്‌ഡ് ക്രൈമാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. പാലക്കാട് ബിജെപി ജയിക്കണം എന്ന് മുഖ്യമന്ത്രിയും പി ശശിയും കരാർ ഏറ്റെടുത്തെന്നും അദ്ദേഹം ആരോപിച്ചു. ഇപിയെ പുറത്താക്കാൻ ഒരു വഴി ഉണ്ടാക്കണം. സരിന് കിട്ടുന്ന വോട്ട് തടയണം, ആ വോട്ട് ബിജെപിക്ക് കിട്ടണം. അതാണ് ഇപി എഴുതാത്തത് പുറത്ത് വരാൻ കാരണം. പി ശശിയുടെ ഇടപെടൽ ഇല്ലാതെ ഇത് നടക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. ഡിസി ബുക്‌സിന് വായ തുറക്കാൻ ധൈര്യമില്ലെന്നും പിവി അന്‍വര്‍ ആരോപിച്ചു.
ഇപിയുടെ പുസ്‌തകവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ദിവസം തെളിവുകൾ പുറത്ത് വിടുമെന്നും അന്‍വര്‍ വെളിപ്പെടുത്തി. ഫോൺ കോൾ രേഖകൾ കയ്യിൽ ഉണ്ട്. ആര് ആരെയൊക്കെ വിളിച്ചു എന്ന് അപ്പോള്‍ മനസിലാകുമെന്നും അന്‍വര്‍ പറഞ്ഞു.
കോൺഗ്രസിന്‍റെ അവസ്ഥ പരിതാപകരം
പാലക്കാട്ട് കോൺഗ്രസ് പരിതാപകരമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. പാർട്ടിയെ ഒരുമിച്ചു നിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. ബിജെപി സ്ഥാനാർഥി ന്യൂനപക്ഷ വീടുകളിൽ കയറി ഇറങ്ങുകയാണ്. സരിനെ പാർട്ടി അംഗീകരിക്കാത്ത പ്രശ്‌നം പാർട്ടിക്ക് അകത്തുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
സിപിഎമ്മിനും വിമര്‍ശനം
പിഎ മുഹമ്മദ് റിയാസിനെ അടുത്ത മുഖ്യമന്ത്രി ആക്കാനാണ് നീക്കമെന്ന് പിവി അന്‍വര്‍ ആവര്‍ത്തിച്ചു. നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. എന്നാല്‍ സർക്കാർ ഒന്നും ചെയ്യുന്നില്ല.
കേന്ദ്ര സഹായം ലഭിക്കാത്തതിനാൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. അവരുടെ കഞ്ഞികുടി മുട്ടിക്കരുത്. സമരം നടത്തേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലാണെന്നും അന്‍വര്‍ വ്യക്തമാക്കി.
Also Read: 'സ്‌നേഹത്തിന്‍റെ കടയില്‍ അംഗത്വമെടുക്കുന്നു'; കോണ്‍ഗ്രസിന് 'കൈ കൊടുത്ത്' സന്ദീപ് വാര്യര്‍