ഹൈന്ദവ ദൈവശാസ്‌ത്ര പ്രകാരം കലിയുഗവരദനാണ് ധർമശാസ്‌താവ്. കലിയുഗത്തിലെ കൺകണ്ട ദൈവം. ശാസ്‌താവ് പല കുടുംബങ്ങളുടെയും ധർമദൈവം കൂടി ആണ്. അതായത് കുലദേവതയാണ്. കേരളത്തിലും ഉത്തരേന്ത്യയിലും വിദേശത്തുമായി ആയിരത്തിൽപ്പരം ശാസ്‌താ ക്ഷേത്രങ്ങള്‍ ഉണ്ട്. ഇതിൽ ശബരിമലയാണ് ഏറ്റവും പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്.
ശബരിമല കൂടാതെ ദക്ഷിണേന്ത്യയിൽ പ്രധാനപ്പെട്ട ആറ് ശാസ്‌താ ക്ഷേത്രങ്ങൾ കൂടിയുണ്ട്. മനുഷ്യ ശരീരത്തിലെ ഏഴ് ഊർജ ചക്രങ്ങളാണ് ഇവയുടെ അടിസ്ഥാനം. യോഗവിദ്യപ്രകാരം പ്രാധാന്യം ഉള്ളവ കൂടിയാണ് ഈ ക്ഷേത്രങ്ങൾ. യോഗവിദ്യ പ്രകാരം ആജ്ഞാശക്തിയുടെ കേന്ദ്രമായാണ് ശബരിമല അറിയപ്പെടുന്നത്. ആജ്ഞാചക്രമാണ് ശബരിമലയിൽ സ്ഥിതി ചെയ്യുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
മറ്റ് ആറ് ക്ഷേത്രങ്ങളും ഒരോ ചക്രങ്ങളുമായി ബന്ധപ്പെട്ടവയാണ്. മൂലാധാര ചക്രമാണ് ആദ്യത്തേത്. തുടർന്ന് സ്വാധിഷ്‌ഠാനം, മണിപൂരം, അനാഹതം, വിശുദ്ധി, ആജ്ഞാചക്രം, സഹസ്രാരപത്മം തുടങ്ങിയ ചക്രങ്ങൾ വരുന്നു. തമിഴ്‌നാട്ടിലെ പാപനാശം സൂരിമുത്തിയൻ ക്ഷേത്രമാണ് മൂലാധാര ചക്രവുമായി ബന്ധപ്പെട്ട ശാസ്‌താ ക്ഷേത്രം.
പാപനാശം സൂരിമുത്തിയൻ ക്ഷേത്രം
തമിഴ്‌നാട്ടിലെ പാപനാശം എന്ന സ്ഥലത്ത് താമ്രപർണി നദീതീരത്താണ് സൂരീമുത്തിയന്‍ എന്ന ശാസ്‌താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരയാർ അണക്കെട്ടിനു സമീപത്തുകൂടി കൊടും കാട്ടിലൂടെ സഞ്ചരിച്ചുവേണം ക്ഷേത്രത്തിൽ എത്താന്‍. അഗസ്‌ത്യമുനിക്ക് ശാസ്‌താവിന്‍റെ വിശ്വരൂപം കാണാൻ സാധിച്ചത് ഈ സ്ഥലത്തുവച്ചാണ് എന്ന് ഐതിഹ്യം. ഈ സമയത്ത് ദേവതകൾ ശാസ്‌താവിനെ സ്വർണപുഷ്പങ്ങളാൽ അഭിഷേകം ചെയ്‌തതിനാൽ ക്ഷേത്രത്തിലെ മൂർത്തി 'പൊൻസൊരിയും മുത്തിയൻ' എന്നറിയപ്പെട്ടു
ഭൂതനാഥന്‍റെ ആദിസ്വരൂപത്തിലാണ് ഇവിടെ പ്രതിഷ്‌ഠ. മാടൻ, മറുത, പേയ്, പേച്ചി എന്നീ ദ്രാവിഡ ദൈവങ്ങളെല്ലാം ഇവിടെ കുടികൊള്ളുന്നു. മഹാലിംഗസ്വാമിയും (ശിവൻ) ശാസ്‌താവിന്‍റെ പൂർണ, പുഷ്‌കല എന്നീ പത്നിമാരും മഹാശാസ്‌താവും ഇവിടെ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നു.
ക്ഷേത്രം പതിനാറാം നൂറ്റാണ്ടിൽ മധുര നായ്ക്കന്മാർ പണികഴിപ്പിച്ചതാണെന്നും പിന്നീട് പാണ്ഡ്യ ഭരണാധികാരികൾ വിപുലീകരിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. തമിഴ് മാസമായ തൈ മാസത്തിൽ (ജനുവരി-ഫെബ്രുവരി) നടക്കുന്ന ഉത്സവം ആഘോഷമായി നടത്തപ്പെടുന്നു. പൈങ്കുനി ഉത്രം നാളിൽ ഇവിടെ നടക്കുന്ന 3 ദിവസത്തെ പൂജയും വിശിഷ്‌ടമായി കരുതപ്പെടുന്നു.
മണ്ഡലകാലത്ത് തമിഴ്‌നാട്ടിൽ നിന്ന് ശബരിമല ദർശനത്തിന് തിരിക്കുന്ന ഭൂരിഭാഗം അയ്യപ്പന്മാരും സൂരീമുത്തിയന്‍ ക്ഷേത്രം സന്ദർശിച്ചശേഷമാണ് മലചവിട്ടാനെത്തുന്നത്. ചിലർ ശബരിമലയിൽ നിന്ന് മടങ്ങുന്ന വേളയിലും ക്ഷേത്രം സന്ദർശിക്കുന്നു.
Aldo Read: ശബരിമല വ്രതമെടുക്കേണ്ടത് എങ്ങനെ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക || ശരണപാത പരമ്പര, ഭാഗം-2