തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണം ഉന്നയിച്ച് ഹർജി നൽകിയ ആൾക്ക് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെ വിമർശനം. ആരോപണം അല്ലാതെ എന്തെങ്കിലും രേഖകൾ തെളിവായി ഉണ്ടോ എന്ന് ഹർജി സമർപ്പിച്ച എ എച്ച് ഹഫീസിനോട് കോടതി ചോദിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ശേഷമാണ് കോടതിയുടെ ചോദ്യം (Vigilance Court in Thiruvananthapuram Grills Petitioner Over V D Satheesan Bribery Claims).
തെളിവുണ്ടെങ്കിൽ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും വിജിലൻസിനു പരാതി കൊടുത്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഹർജിയിൽ പറയുന്ന ആരോപണങ്ങൾക്ക് തെളിവ് ഉണ്ടോ, രേഖാമൂലം സമർപ്പിക്കുവാൻ സാധിക്കുമോ എന്നിങ്ങനെ കോടതി പരാതിക്കാരനോട് ആരാഞ്ഞു. ഇത്തരം രേഖകൾ ഇല്ലാതെ കോടതിയിൽ ഹര്‍ജി സമർപ്പിച്ച ഹർജിക്കാരനെ കോടതി വിമർശിച്ചു.
ഈ സംഭവം ചൂണ്ടികാട്ടി വിജിലൻസിന് പരാതി നൽകിയിട്ടുണ്ടോ എന്ന് വിജിലൻസ് ജഡ്‌ജി പരാതിക്കാരനായ ഹഫീസിനോട് ചോദിച്ചു. പരാതി നൽകിട്ടുണ്ട് എന്നായിരുന്നു ഹഫീസിന്‍റെ മറുപടി. ഇതേ തുടർന്ന് കോടതി വിജിലൻസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. അടുത്ത മാസം ഒന്നിന് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. കേസ് ഏപ്രിൽ ഒന്നിലേക്കു മാറ്റി.
സംസ്ഥാന സർക്കാറിൻ്റെ കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്തർ സംസ്ഥാന ലോബികളിൽ നിന്നും 150 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു നിലമ്പൂർ എംഎൽഎ പി വി അൻവർ നിയമസഭയിൽ ആരോപിച്ചത്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്‌ടറെ സമീപിച്ചു. കേസില്‍ വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഈ ആരോപണത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹഫീസ് വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നുമായിരുന്നു പി വി അൻവർ ആരോപിച്ചത്. കർണാടകയിലെയും ഹൈദരബാദിലെയും കമ്പനികളെ കൂട്ടുപിടിച്ച് സർക്കാരിന്‍റെ സ്വപ്‌നപദ്ധതിയായ കെ റെയിലിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നതാണ് അൻവർ ഉയർത്തുന്ന പ്രധാന ആരോപണം. ഇതിനായി 150 കോടി സതീശന്‍റെ കയ്യിലെത്തിയെന്നും അൻവർ ആരോപിക്കുന്നു.
Also Read: കെ റെയില്‍ അട്ടിമറി; വിഡി സതീശനെതിരെ അഴിമതി ആരോപണവുമായി പിവി അന്‍വര്‍; പരിഹസിച്ചു തള്ളി സതീശന്‍
കണ്ടെയ്‌നർ ലോറികളിൽ പണം എത്തിച്ചു. മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട് എത്തി. ചാവക്കാട് നിന്ന് ആംബുലൻസിൽ പണം കൊണ്ടുപോയി. ഈ പണം കർണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. സതീശൻ സ്ഥിരമായി ബാംഗ്ലൂരിലേക്ക് പോകുന്നുണ്ടെന്നും യാത്രാരേഖകൾ പരിശോധിക്കണമെന്നും ഇതിനെ ബന്ധിപ്പിച്ചുകൊണ്ട് പി വി അൻവർ പറഞ്ഞു.