തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് പാനൂർ ബോംബ് സ്ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സിപിഎം പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നതെന്നും യുഡിഎഫുകാരെ കൊല്ലാൻ വേണ്ടിയുണ്ടാക്കിയ ബോംബാണോ ഇതെന്നാണ് അറിയാനുള്ളതെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബോംബ് ഉണ്ടാക്കിയതും മരിച്ചതും ആശുപത്രിയിലുള്ളതും സിപിഎമ്മുകാരാണ്. മുഖ്യമന്ത്രി നാട്ടിലെ ക്രിമിനലുകളെ മുഴുവൻ ന്യായീകരിക്കുകയാണ്. എൽഡിഎഫ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ജയിക്കില്ല. ഏതെങ്കിലും സീറ്റ് ജയിക്കാൻ പറ്റുമോ എന്നറിയാനാണ് സിപിഎം - ബിജെപി ധാരണ. ഇഡിയെ കൊണ്ടുവന്നത് പ്രതിപക്ഷ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാപട്യമാണ് ഈ സർക്കാരിന്‍റെ മുഖമുദ്ര. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണ്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്. ഇതിനുമുമ്പുള്ള ഒരു മുഖ്യമന്ത്രിയും ഭയന്ന് ആ കസേരയിൽ ഇരുന്നിട്ടില്ല. ഉമ്മൻചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടി ഒരു സ്ത്രീയിൽ നിന്ന് പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിന് വിട്ടു.
നികുതി പിരിക്കാതെയും ജിഎസ്‌ടി സംവിധാനം തകർത്തുകൊണ്ടും കേരളത്തെ ദയാവധത്തിന് പിണറായി സർക്കാർ വിട്ടുകൊടുത്തു. കിഫ്‌ബിക്കെതിരായി തങ്ങൾ എടുത്ത നിലപാട് ശരിയെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി സുപ്രീം കോടതി വിധി വായിക്കണം. തങ്ങളുടെ വാദം മുഴുവൻ ശരിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രകടനപത്രികയിലെ പേജ് എട്ട് മുഖ്യമന്ത്രി വായിക്കണം. അതിൽ സിഎഎയെക്കുറിച്ചുള്ള നിലപാട് വ്യക്തമാണ്.