തിരുവനന്തപുരം : ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും കെഎസ്‌ഇബി പിന്മാറണം. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌കാരങ്ങളും കെഎസ്‌ഇബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ ദീര്‍ഘകാല വൈദ്യുത കരാര്‍ റദ്ദാക്കിയ നടപടിയാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ എത്തിച്ചത്. 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിലാണ് കരാര്‍ ഉറപ്പിച്ചിരുന്നത്. എന്നാല്‍ കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ് ഈ കരാര്‍ റദ്ദാക്കിയത്. ഇതിന് പിന്നില്‍ സര്‍ക്കാരിന്‍റെയും റെഗുലേറ്ററി കമ്മിഷന്‍റെയും ഗൂഢാലോചനയുണ്ട്.