കാസർകോട്:11 കുടുംബങ്ങൾ, മണ്ണിൽ നട്ടുവളർത്തിയ ജീവിത മാർഗം ഉപേക്ഷിക്കാൻ കെൽപ്പില്ലാത്തവർ. പക്ഷേ ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും ജീവിക്കണം. അതിനായി ഈ 11 കുടുംബങ്ങൾ ജീവനും ജീവിതവും നല്‍കിയ കാട് ഉപേക്ഷിക്കുകയാണ്.കാസർകോട് പനത്തടി അച്ചംപാറ - വാഴക്കോൽ കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് പിന്നിലൊരു കഥയുണ്ട് (Kasargod Vazhakol Colony).
പതിറ്റാണ്ടുകളായി വനത്തിനുള്ളിൽ ഒറ്റപ്പെട്ട് ജീവിക്കുകയാണ് ഇവര്‍. വനത്തിലൂടെ രണ്ട് കിലോമീറ്ററോളം നടന്ന് വേണം ഇവര്‍ക്ക് വീട്ടിലേക്കെത്താൻ. അരി വാങ്ങാനും ആശുപത്രിയില്‍ പോകാനും കുട്ടികൾക്ക് സ്‌കൂളില്‍ പോകാനും ഈ ദുർഘട പാത താണ്ടണം. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ ഉറ്റവരുടെ ജീവൻ പൊലിയുന്നത് കണ്ടുനിന്നവരാണ് ഇവർ.