കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വടകരയിൽ പൊലീസ് വിളിച്ച സർവകക്ഷി യോഗം ചേർന്നു. മണ്ഡലത്തിൽ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണൽ ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ പ്രകടനം നടത്താൻ അനുമതിയുള്ളൂ. ദേശീയ തലത്തിൽ വിജയിക്കുന്ന മുന്നണിയുടെ പ്രവർത്തകർക്ക് തൊട്ടടുത്ത ദിവസം വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താമെന്നും തീരുമാനമായി.
വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനത്തിന് ശേഷം ഫ്ലക്‌സ് ഉൾപ്പടെ അഴിച്ച് മാറ്റും. ആഹ്ലാദ പ്രകടനത്തിന്‍റെ ഭാഗമായി വാഹനജാഥകൾ ഉണ്ടാവില്ലെന്നും നേതാക്കൾ അറിയിച്ചു. യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് പുന്നക്കൽ, ആർഎംപി നേതാവ് വേണു എന്നിവർ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്.