വി മുരളീധരന്‍ മാധ്യമങ്ങളോട് തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പ്രതിപക്ഷ പാർട്ടികൾക്ക് പ്രത്യേക നിയമമൊന്നുമില്ലെന്നും എല്ലാ പാർട്ടികളും നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വി മുരളീധരൻ. നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് 1,700 കോടി രൂപ അടയ്‌ക്കണമെന്ന് കാട്ടി ആദായ നികുതി വകുപ്പ് കോൺഗ്രസിന് നോട്ടിസ് അയച്ച വിഷയത്തിലാണ് മുരളീധരന്‍റെ പ്രതികരണം.
എല്ലാവർക്കും ഒരേ നിയമമാണ് ബാധകം. ഇത്ര കാലവും കോൺഗ്രസ് ഉറങ്ങുകയായിരുന്നോ എന്നാണ് ഡൽഹി ഹൈക്കോടതി ചോദിച്ചത്. ഇതിന് കോൺഗ്രസിന്‍റെ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നവരാണ് കുറ്റക്കാർ. നോട്ടിസിന് ബിജെപി മറുപടി കൊടുത്തിരുന്നു. 2018 മുതൽ കോൺഗ്രസിന് നോട്ടിസ് നൽകുന്നുണ്ട്. അക്കൗണ്ട് മരവിപ്പിച്ചത് 6 വർഷത്തിന് ശേഷമാണെന്നും ജില്ല കലക്ട്രേറ്റിൽ എത്തി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മണിപ്പൂരിൽ ഉണ്ടായത് വംശീയ സംഘർഷങ്ങളാണെന്നും മതപരമായി ഒന്നും മണിപ്പൂരിൽ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയും മുരളീധരന്‍ വിമർശനം ഉന്നയിച്ചു. കേരളം തനത് വരുമാനം വർധിപ്പിക്കണം. അത് ചെയ്യാതെ സർക്കാർ ധൂർത്തടിക്കുന്നു. ലോകം മുഴുവൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊണ്ടുപോയി ധൂർത്തടിക്കുന്നു. മോദിക്കെതിരായ രാഷ്ട്രീയ പ്രചാരണത്തിന് മാത്രമാണ് ധൂർത്ത്. കേന്ദ്രം ഞെരുക്കുന്നു എന്ന് പറയാൻ വേണ്ടി മാത്രമാണ് കോടതിയിൽ പോയത്. എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ നിർദേശമാണ് തനത് വരുമാനം വർധിപ്പിക്കണം എന്നത്. അതിതുവരെ ചെയ്‌തിട്ടില്ല.
കേസ് നടത്തി കാരണവന്മാർ തറവാട് മുടിച്ച കഥകൾ കേട്ടിട്ടുണ്ട്. കേരളത്തെ സർക്കാർ മുടുപ്പിക്കുകയാണ്. കേന്ദ്രം 13,000 കോടി നൽകാമെന്ന് നേരത്തെ തന്നെ സമ്മതിച്ചു. എന്നാൽ കേരളം മുടിക്കുകയാണ് പിണറായി സർക്കാർ. സംസ്ഥാന സർക്കാരിന്‍റെ ദുർഭരണത്തിനെതിരായ വിധിയെഴുത്തുകൂടിയാകും ഈ തിരഞ്ഞെടുപ്പ്. സുപ്രീം കോടതിയിലെ കേസിൽ കപിൽ സിബലിന് രണ്ട് കോടി രൂപ നൽകാൻ മാറ്റിവച്ചു. ഒരുവശത്ത് മറിയക്കുട്ടിക്ക് നൽകാൻ പണമില്ല. മറുവശത്ത് നികുതിപ്പണം അഭിഭാഷകന് നൽകുന്നു. മോദി സർക്കാരിന്‍റെ സദ്ഭരണത്തിനുള്ള അംഗീകരമായി തെരഞ്ഞെടുപ്പ് മാറും. അതിന്‍റെ പ്രതിഫലനം ആറ്റിങ്ങലിൽ ഉണ്ടാകുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
Also Read :ബിജെപി സ്ഥാനാർഥി വി മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു - V MURALEEDHARAN FILED NOMINATION