തിരുവനന്തപുരം : ശക്തി പ്രകടനവുമായെത്തി എൽഡിഎഫ് ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർഥി വി ജോയി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.30 ന് ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം വരണാധികാരിയായ എഡിഎംസി പ്രേംജിക്ക് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
എഎ റഹിം എംപി, സിപിഎം ജില്ല സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി ജയൻബാബു, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കോലിയക്കോട് എൻ കൃഷ്‌ണൻനായർ എന്നിവരും നാമനിർദേശ പത്രിക സമർപ്പണത്തിന് വി ജോയിയെ അനുഗമിച്ചു. രാവിലെ 11 മണിക്ക് കുടപ്പനക്കുന്ന് നിന്ന് ശക്തി പ്രകടനവുമായി എത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍റെ വസതിയിലെത്തി അനുഗ്രഹം തേടിയ ശേഷമാണ് വി ജോയി നാമനിർദേശ പത്രിക സമർപ്പണത്തിന് എത്തിയത്. പൊട്ടക്കുഴിയിലെ എകെജിയുടെ പ്രതിമയിലും ശ്രീനാരായണ ഗുരു പ്രതിമയിലും ഇഎംഎസ് പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും അയ്യങ്കാളി പ്രതിമയിലും കണ്ണമൂലയിൽ ചട്ടമ്പിസ്വാമി സ്‌മാരകത്തിലും പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് വി ജോയി നാമനിർദേശ പത്രിക സമർപ്പിക്കാൻ കലക്ട്രേറ്റിലേക്ക് എത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് ജയിക്കുന്നത് ബിജെപിയുടെ സഹായത്തോടുകൂടിയാണെന്നും എല്ലാ പ്രധാനപ്പെട്ട നേതാക്കന്മാർക്കും ബിജെപിയുമായി നല്ല ബന്ധമുണ്ടെന്നും വി ജോയി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിയായിരുന്ന ശോഭ സുരേന്ദ്രന് വോട്ട് കിട്ടാതിരിക്കാനും വോട്ട് കുറയ്ക്കാനും വേണ്ടി, അതേസമയം അടൂർ പ്രകാശ് ജയിക്കാൻ വേണ്ടി നല്ല ശ്രമം നടന്നു.