കേരളം

kerala

ETV Bharat / state

'റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്‌റ്റിസ് ഹേമ ആവശ്യപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പച്ചക്കള്ളം, നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്‌ത്തിവെച്ചത് ക്രിമിനല്‍കുറ്റം'; വിഡി സതീശൻ - VD Satheesan Hema Committee Report - VD SATHEESAN HEMA COMMITTEE REPORT

നാലര വർഷം മുമ്പ് ലഭിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് വിഡി സതീശൻ. സർക്കാർ അവർക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

OPPOSITION LEADER V D SATHEESAN  HEMA COMMITTEE REPORT  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  LATEST NEWS IN MALAYALAM
V D Satheesan On Hema Committee Report (ETV Bharat)

By ETV Bharat Kerala Team

Published : Aug 21, 2024, 7:43 PM IST

പ്രതിപക്ഷനേതാവ് വിഡി സതീശൻ സംസാരിക്കുന്നു (ETV Bharat)

തിരുവനന്തപുരം: നാലര വര്‍ഷം മുമ്പ് ലഭിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച മുഖ്യമന്ത്രിയും അന്നത്തെ സാംസ്‌കാരിക മന്ത്രിയും ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ടിനൊപ്പമുള്ള മൊഴികൾ, പെന്‍ഡ്രൈവുകൾ, വാട്‌സ്ആപ്പ് മെസേജുകൾ ഉള്‍പ്പെടെയുള്ള തെളിവുകൾ നാലര വര്‍ഷം കയ്യില്‍ വച്ചിട്ടാണ് ഒരന്വേഷണത്തിന് പോലും സര്‍ക്കാര്‍ തയ്യാറാകാത്തത്. ഇതേ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നാണെന്ന് വിഡി സതീശൻ പറഞ്ഞു.

നടിയുടെ മുറിയില്‍ കയറിയിരുന്ന കാരവാന്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. സിനിമ മേഖലയിൽ കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്, മാത്രമല്ല അതിന് തെളിവുകളുമുണ്ട്. ഇതേ കുറിച്ച് വനിതാ ഐപിഎസ് സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം.

അതേസമയം അന്വേഷണത്തിന് തയ്യാറാകാതെ മുഖ്യമന്ത്രി കള്ളം പറയുകയാണ്. ഞങ്ങള്‍ വേട്ടക്കാര്‍ക്കെതിരെ പോരാടുമെന്ന് പറയുന്ന മുഖ്യമന്ത്രി കഴിഞ്ഞ നാലര വര്‍ഷം ഏതു വേട്ടക്കാരനെതിരെയാണ് പോരാടിയതെന്ന് വ്യക്തമാക്കണം. വേട്ടക്കാരെയെല്ലാം ചേര്‍ത്തു പിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തതെന്ന് അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരിന് വേണ്ടപ്പെട്ടവരുള്ളത് കൊണ്ടാണ് അവരെ സംരക്ഷിക്കുന്നത്. ലൈംഗിക ചൂഷണവും മയക്കുമരുന്നിന്‍റെ ഉപയോഗവും ഭയപ്പെടുത്തലും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടും അന്വേഷിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് പോകും.

സംഭവത്തെ കുറിച്ച് അന്വേഷിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് വേട്ടക്കാര്‍ക്കെതിരെ പോരാടുമെന്നും കോണ്‍ക്ലേവ് നടത്തുമെന്നും പറയുന്നത്. പ്രതികളാകേണ്ടവരെയും ഇരകളെയും ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് നടത്തുന്ന നാണംകെട്ട സര്‍ക്കാരാണിത്. അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്‍റെ നിയമപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്. വേട്ടക്കാര്‍ക്കൊപ്പം നിന്ന് സര്‍ക്കാര്‍ ഇരകളെ ആക്രമിക്കുകയാണ്. റിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

ഒരു കാരണവശാലും റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്‌റ്റിസ് ഹേമ കമ്മിറ്റി തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഹേമ കമ്മിറ്റി നല്‍കിയ കത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ നല്‍കിയ കത്ത് ഒരിക്കലും പുറത്ത് വരില്ലെന്ന് കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എന്നാൽ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്നല്ല, പുറത്ത് വിടുമ്പോള്‍ സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്നതാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. ഇരകളുടെ പേര് ഒരിക്കലും വെളിപ്പെടുത്താറില്ല. ഇരകളുടെയോ ബന്ധുക്കളുടെയോ പേര് വിവരങ്ങള്‍ പുറത്ത് പറയുന്നതിന് പകരമായാണ് ഇരകളെ നിര്‍ഭയ എന്ന് വിളിക്കുന്നത്. ഇതൊന്നും പുതിയ കാര്യമല്ലെന്നും, റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുക്കാനുള്ള തടസവുമല്ലെന്നും അദ്ദേഹം പറഞ്ഞു.

പോക്സോ നിയമ പ്രകാരം വരെ കേസെടുക്കേണ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഹേമ കമ്മിറ്റി എഴുതിയ കത്തിനെ കുറിച്ച് തെറ്റായി പറഞ്ഞതിൽ മുഖ്യമന്ത്രി മാപ്പ് പറയണം. കത്ത് പുറത്ത് വരില്ലെന്ന് കരുതിയാണ് മുഖ്യമന്ത്രി നുണ പറഞ്ഞത്. വേട്ടക്കാരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി നുണ പറയുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

റിപ്പോര്‍ട്ടിലെ വെളിപ്പെടുത്താത്ത ഭാഗങ്ങള്‍ വായിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് ആരെ കബളിപ്പിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു. പക്ഷെ മുന്‍ മന്ത്രി എ കെ ബാലന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. കൊവിഡ് ആയതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നാണ് എ കെ ബാലന്‍ പറഞ്ഞത്. അപ്പോള്‍ കൊവിഡ് കാലത്ത് നടന്ന ലൈംഗിക ചൂഷണങ്ങളിലൊന്നും നടപടി എടുത്തിട്ടില്ലേ? എന്നും വിഡി സതീശൻ ചോദിച്ചു.

2019-ലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് മറക്കരുത്. പൊലീസിന് റിപ്പോര്‍ട്ട് നൽകാത്ത മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നടപടി ക്രിമിനല്‍ കുറ്റമാണ്. ഇരകളുടെ മൊഴിയുള്ളപ്പോള്‍ അന്വേഷണത്തിന് എന്ത് നിയമപരമായ തടസമാണുള്ളതെന്ന് നിയമ മന്ത്രിയും മുഖ്യമന്ത്രിയും പറയട്ടെ. അങ്ങനെയെങ്കില്‍ തൊഴിലിടങ്ങളിലെ ചൂഷണങ്ങളിലൊന്നും നടപടി എടുക്കാനാകില്ലല്ലോ?. വിചിത്രമായ വാദങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന് അപമാനകരമായ ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്. അതുകൊണ്ട് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

Also Read:'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയില്ല, മൊഴി നൽകിയവര്‍ പരാതിപ്പെട്ടാൽ നടപടി'; മുഖ്യമന്ത്രി

ABOUT THE AUTHOR

...view details