V D SATHEESAN ABOUT THOMAS ISAAC പത്തനംതിട്ട : സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പോയ സംസ്ഥാന സര്‍ക്കാര്‍ വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരുവല്ലയില്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്‍റെ നടപടികളാണ്. 2016 മുതല്‍ 2021 വരെ അധികാരത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തുണ്ടായ മിസ്‌മാനേജ്‌മെന്‍റാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നതെന്നും, 2020 മുതല്‍ പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങളാണ് സുപ്രീം കോടതി ശരി വച്ചിരിക്കുന്നതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
കിഫ്ബി നിയമം തോമസ് ഐസക് കൊണ്ടുവന്നപ്പോള്‍, ബജറ്റിന് പുറത്ത് കടം വാങ്ങാന്‍ പാടില്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും പ്രതിപക്ഷം നല്‍കിയ മുന്നറിയിപ്പ് ഇന്ന് സുപ്രീം കോടതി ശരിവച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 56700 രൂപ കിട്ടാനുണ്ടെന്നും അതിനു വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചത്. എന്നാല്‍ 56700 കോടി കിട്ടാനുണ്ടെന്നത് സംബന്ധിച്ച ഒരു വാദവും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചില്ല. കടമെടുക്കാനുള്ള പരിധി മാറ്റണമെന്നും കടമെടുപ്പിനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.
പ്രതിസന്ധിക്ക് കാരണം മുന്‍ ധനമന്ത്രി : നാല് ലക്ഷം കോടി രൂപയുടെ പൊതുകടത്തിലേക്ക് കൂപ്പ് കുത്തിയ കേരളം വീണ്ടും കടമെടുത്താലുള്ള അവസ്ഥ എന്തായിരിക്കുമെന്നും വി ഡി സതീശൻ ചോദിച്ചു. കേരളത്തിന്‍റെ ഷേപ്പ് തന്നെ മാറ്റിയ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് ഇപ്പോള്‍ പത്തനംതിട്ടയുടെ മുഖച്‌ഛായ മാറ്റുമെന്നും അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നുമാണ് പറയുന്നത്. ഈ മനുഷ്യനാണ് കേരളത്തെ പട്ടിണിയിലാക്കിയതെന്നും അപകടകരമായ രീതിയില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
മിസ്‌മാനേജ്‌മെന്‍റ് തുടരുന്നു: അപകടത്തില്‍ നിന്നും കരകയറാന്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തും ശ്രമമുണ്ടായില്ല. ഇപ്പോഴും ധനകാര്യ മിസ്‌മാനേജ്‌മെന്‍റ് തുടരുകയാണ്. നികുതി പിരിവിലും ദുര്‍ ചെലവ് നിയന്ത്രിക്കുന്നതിലും അഴിമതി തടയുന്നതിലും ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതിച്ചെലവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്. എന്നിട്ടും മുഖ്യമന്ത്രിയും ധനമന്ത്രിയും മൗനം പാലിക്കുകയാണ്. പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ചു കൊന്ന്, അപകടകരമായ സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
അനുച്ഛേദം 293 (2) പ്രകാരം കടമെടുക്കാന്‍ സംസ്ഥാനത്തെ അനുവദിക്കണമെന്ന ആവശ്യം ഇതുവരെ കോടതിക്ക് മുന്നില്‍ എത്താത്തതു കൊണ്ടാണ് കേരളം നല്‍കിയ ഹര്‍ജി ഭരണഘടന ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്. നിലവില്‍ കടമെടുപ്പിന്‍റെ പരിധിയും കഴിഞ്ഞ് കേരളം കടമെടുത്തെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടമെടുക്കാന്‍ കേരളത്തെ അനുവദിച്ചാല്‍ എന്തായിരിക്കും അതിന്‍റെ ഫലമെന്നും വിഡി സതീശൻ ചോദിച്ചു.
അടുത്ത വര്‍ഷത്തെ കടമെടുപ്പ് പരിധിയായ 36,000 കോടിയില്‍ 15,000 കോടി ഈ വര്‍ഷം തന്നെ എടുത്തു കഴിഞ്ഞു. കിഫ്ബിക്ക് വേണ്ടി കടമെടുത്തതും കടമെടുപ്പ് പരിധിയില്‍പ്പെടും. അടുത്ത 9 മാസത്തേക്ക് 6600 കോടി മാത്രം കടമെടുക്കാവുന്ന ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നത്. എടുക്കുന്ന കടം തിരിച്ചടയ്ക്കാനും സാധിക്കുന്നില്ല. കിഫ്ബി ബോണ്ട് 9.72 ശതമാനം പലിശയ്ക്ക് എടുത്തിട്ട് 6 ശതമാനം പലിശയ്ക്കാണ് മറ്റൊരു ബാങ്കില്‍ നിക്ഷേപിച്ചത്.
കിഫ്‌ബി ബാധ്യത:കോടികളാണ് സംസ്ഥാനത്തിന് നഷ്‌ടമായത്. ഇന്ത്യയില്‍ തന്നെ കുറഞ്ഞ പലിശയ്ക്ക് പണം കിട്ടുമെന്നിരിക്കെയാണ് വിദേശത്ത് പോയി മസാല ബോണ്ട് വിറ്റത്. ബജറ്റിന് പുറത്ത് നിന്ന് കടമെടുക്കാന്‍ ഉണ്ടാക്കിയ കിഫ്ബി ഇപ്പോള്‍ സംസ്ഥാനത്തിന് ബാധ്യതയായി മാറിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.
നികുതിവെട്ടിപ്പുകാരുടെ പറുദ്ദീസ: ജിഎസ്‌ടിയില്‍ 30 ശതമാനം നികുതി വരുമാന വളര്‍ച്ച ഉണ്ടാകേണ്ടിയിരുന്ന സംസ്ഥാനമാണ് കേരളം. നികുതി ഭരണ സംവിധാനം പുനസംഘടിപ്പിക്കാത്തതാണ് നികുതി വരുമാനം കൂടാത്തതിന് കാണം. ഐജിഎസ്‌ടിയിലൂടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രതിവര്‍ഷം 5000 കോടി രൂപയാണ് കേരളത്തിന് നഷ്‌ടമാകുന്നത്.
ഇത്തരത്തില്‍ 25000 കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടായതെന്ന് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ധനമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു. ഇതേ കാര്യം പിന്നീട് ഗുലാത്തി ഇന്‍സ്‌റ്റിറ്റ്യൂട്ടും എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയും ശരിവച്ചു. 4000 രൂപ പവന് വിലയുണ്ടായിരുന്ന കാലത്തെ നികുതിയാണ് ഇപ്പോഴും കിട്ടുന്നത്.
സ്വര്‍ണത്തില്‍ നിന്നും നികുതി പിരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ബാറുകളുടെ എണ്ണം കൂടിയിട്ടും സര്‍ക്കാരിന്‍റെ വരുമാനം കൂടിയില്ല. ചെക്ക് പോസ്‌റ്റോ പരിശോധനകളോ ഇല്ലാതെ നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി സംസ്ഥാനത്തെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ നിന്നും 56,700 കോടി കിട്ടാനുണ്ടെന്ന കള്ളക്കണക്ക് കഴിവുകേട് മറച്ചുവയ്ക്കാനുള്ള കള്ളപ്രചരണമായിരുന്നു. അതാണ് ഇപ്പോള്‍ പൊളിഞ്ഞു വീണതെന്നും വി ഡി സതീശൻ സൂചിപ്പിച്ചു. ഇപ്പോള്‍ തന്നെ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റി. വീണ്ടും കടമെടുക്കാന്‍ ഭരണഘടനാ ബെഞ്ച് അനുവാദം നല്‍കിയാല്‍ ഇവര്‍ അഴിമതിയും ധൂര്‍ത്തും നടത്തും. നികുതി വെട്ടിപ്പുകാരാണ് കേരളം ഭരിക്കുന്നത്. കേരളീയത്തിനും നവകേരളത്തിനും കള്ളപ്പിരിവ് നടത്താന്‍ നികുതി വെട്ടിപ്പ് തടയാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെയാണ് നിയോഗിച്ചത്. മകള്‍ക്ക് മാസപ്പടി നല്‍കിയ 12 സ്ഥാപനങ്ങള്‍ക്ക് എന്ത് ആനുകൂല്യമാണ് നല്‍കിയതെന്ന ചോദ്യത്തിനും മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മൗലവി വധക്കേസ് :റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പൊലീസും പരാജയപ്പെട്ടെന്ന് കോടതിയാണ് പറഞ്ഞത്. പ്രതികള്‍ ആര്‍എസ്എസ് ആണെന്ന് തെളിയിക്കാന്‍ ഹാജരാക്കിയ ആറ് സാക്ഷികളില്‍ ഒരാളെ മാത്രമാണ് വിസ്‌തരിച്ചത്. വണ്ടിപ്പെരിയാര്‍ കേസിലും ഇതുതന്നെയാണ് നടന്നത്. ഡിവൈഎഫ്ഐക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച അതേ രീതിയാണ് ആര്‍എസ്എസുകാരെ രക്ഷിക്കാന്‍ റിയാസ് മൗലവി കൊലക്കേസിലും ചെയ്‌തത്.
മുന്‍ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായി ചന്ദ്രശേഖരനെ ആര്‍എസ്എസുകാര്‍ ആക്രമിച്ച കേസിലെ സാക്ഷികളായിരുന്ന സിപിഎം നേതാക്കള്‍ കൂറുമാറി. ഇക്കാര്യം ചന്ദ്രശേഖരനാണ് നിയമസഭയില്‍ പറഞ്ഞത്. മറ്റൊരു കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മുകാരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സാക്ഷികള്‍ കൂറുമാറിയത്. ഇത് സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള അറേന്‍ജ്‌മെന്‍റായിരുന്നു.
ചന്ദ്രശേഖരന്‍റെ കൈ തല്ലിയൊടിച്ച ആര്‍എസ്എസുകാരെ രക്ഷിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരെ കൂറ് മാറ്റിയ മുഖ്യമന്ത്രിയല്ലേ കേരളം ഭരിക്കുന്നത്. കേരളത്തിലെ പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും പറഞ്ഞ ആനി രാജയാണ് വയനാട്ടില്‍ മത്സരിക്കുന്നത്.
എസ്‌ഡിപിഐയുമായി യുഡിഎഫിന് ധാരണയില്ല :എസ്‌ഡിപിഐയുമായി യുഡിഎഫിന് ഒരു ധാരണയുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.അവരുമായി സംസാരിച്ചിട്ടുമില്ല, പിന്തുണയും ആവശ്യപ്പെട്ടിട്ടില്ല. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യുഡിഎഫ് ചര്‍ച്ച നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല കക്ഷികളും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂവെന്നും കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മതേതര ശക്തികള്‍ പരാജയപ്പെടുമെന്നുമാണ് അവര്‍ പറഞ്ഞത്. ഫാസിസ്‌റ്റ് ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ. അല്ലാതെ കേരളത്തില്‍ മത്സരിക്കുന്ന സിപിഎമ്മിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ മത്സരിച്ച ആറ് തെരഞ്ഞെടുപ്പുകളിലും ജമാ അത്ത് ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണ നല്‍കിയത് എല്‍ഡിഎഫിനാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ജമാ അത്ത് ആസ്ഥാനത്ത് പോയി അമീറിനെ കണ്ടിട്ടുണ്ട്. അന്നെല്ലാം അവര്‍ മതേതര വാദികളായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ അവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി. അതോടെ അവര്‍ വര്‍ഗീയവാദികളായി. സിപിഎമ്മാണോ അവർക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐ സിപിഎമ്മിനൊപ്പമായിരുന്നു.
സിപിഎം - ബിജെപി ബന്ധം : സിപിഎം - ബിജെപി നേതാക്കള്‍ തമ്മില്‍ ബിസിനസ് പാര്‍ട്‌ണര്‍ഷിപ്പ് ഉണ്ടെന്നത് ആദ്യം നിരസിച്ചെങ്കിലും പിന്നീട് കുടുംബാംഗംങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചിരുന്നതായും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ സിപിഎം - ബിജെപി നേതാക്കള്‍ ഒന്നിച്ച് ബിസിനസ് ആരംഭിച്ചിട്ടുണ്ടെന്ന് മാത്രം പ്രതിപക്ഷം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുപാട് കക്ഷികള്‍ യുഡിഎഫിന് പിന്തുണ നല്‍കുന്നുണ്ട്. സിപിഎം ഭരിക്കുന്ന പത്തനംതിട്ട മുന്‍സിപ്പിറ്റിയില്‍ വൈസ് ചെയര്‍മാനും വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി അംഗവും എസ്‌ഡിപിഐക്കാരനാണ്. ഒന്നിച്ചാണ് ഭരിക്കുന്നത്. ഈരാറ്റുപേട്ടയില്‍ കോണ്‍ഗ്രസ് ഭരണം സിപിഎം ഇല്ലാതാക്കിയത് എസ്‌ഡിപിഐ പിന്തുണയിലാണ്. ഈരാറ്റുപേട്ടയില്‍ നിന്നും അഭിമന്യൂവിന്‍റെ വട്ടവടിയിലേക്ക് അധികം ദൂരമില്ല. ഇതൊക്കെ സിപിഎമ്മുകാരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പാര്‍ട്ടി പറഞ്ഞിട്ടല്ല കുടുംബമൊന്നടങ്കം പ്രചാരണത്തിനിറങ്ങാന്‍ തീരുമാനിച്ചത്; ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനില്ലെന്നും ചാണ്ടി ഉമ്മന്‍ - Chandy Oommen About Oommen Chandy
സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് അക്കൗണ്ടുണ്ട്. അതില്‍ എത്തിയത് കള്ളപ്പണമാണ്. തൃശൂരിലെ സഹകരണ ബാങ്കുകളില്‍ 25 അക്കൗണ്ടുകളുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തിലാകെ ഇത്തരത്തില്‍ എത്ര വ്യാജ അക്കൗണ്ടുകള്‍ സിപിഎമ്മിന് കാണും? എന്നും അക്കൗണ്ട് ഇല്ലെന്ന് സിപിഎം തന്നെ പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.