തിരുവനന്തപുരം:കേന്ദ്ര ബജറ്റ് രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനുള്ള ഡോക്യുമെന്‍റാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിൽ കേരളം എന്ന വാക്ക് പോലുമില്ല. ദേശീയ കാഴ്‌ചപ്പാടല്ല മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍.
ആന്ധ്രയ്‌ക്കും ബീഹാറിനും വാരിക്കോരി കൊടുത്തപ്പോഴും കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ബജറ്റിന്‍റെ അടിസ്ഥാനം കേന്ദ്ര സര്‍ക്കാരിന്‍റെ നിലനില്‍പ്പ് മാത്രമാണ്.
ദേശീയ ബജറ്റിന്‍റെ പൊതുസ്വഭാവം തന്നെ കേന്ദ്ര സർക്കാർ ഇല്ലാതാക്കി. ബജറ്റ് പ്രസംഗത്തില്‍ തന്നെ ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബിജെപി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേര്‍തിരിവ് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും വിഡി സതീശൻ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിട്ടും മൂന്നാം മോദി സര്‍ക്കാർ പിന്തുടരുന്നത് സാധാരണക്കാരെ മറന്ന് കൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാട് തന്നെയാണ്. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരമാണ് കോര്‍പറേറ്റ് നികുതി കുറച്ചത്.