തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലുണ്ടായ (Allegation on monthly payment controversy) ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എക്‌സാലോജികിന് പണം ലഭിച്ചെന്ന ആരോപണത്തില്‍ കമ്പനിക്ക് മറുപടി പറയാന്‍ ഒരവസരവും ലഭിച്ചില്ലെന്നാണ് മുഖ്യമന്ത്രി മാത്യു കുഴല്‍ നാടന്‍റെ ആരോപണത്തിനു മറുപടിയായി സഭയില്‍ പറഞ്ഞത്. എന്നാല്‍ അവസരം നല്‍കിയിട്ടും എക്‌സാലോജിക് കമ്പനി ഒരു രേഖയും ഹാജരാക്കിയില്ലെന്നും കേസെടുക്കണമെന്നുമാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നിലവിൽ പറയുന്നത്.
ഇതിലൂടെ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് വാസ്‌തവമല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു (V D Satheesan against Pinarayi Vijayan in Assembly). നിയമസഭയില്‍ നയ പ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് രണ്ട് സ്റ്റാറ്റ്യൂട്ടറി സമിതികളുടെയും കണ്ടെത്തല്‍. എ.ഐ ക്യാമറയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും കെ ഫോണിലും ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും, ഇവിടെ നീതി ലഭിച്ചില്ലെങ്കില്‍ കോടതിയിലേക്ക് പോകുമെന്നും സതീശൻ അറിയിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചത് തെറ്റാണെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ഒന്നും പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. പ്രതിപക്ഷം ഒരു കാലത്തും ഗവര്‍ണര്‍ക്കൊപ്പം കൂടിയിട്ടില്ലെന്നും എല്ലാകാലത്തും ഗവര്‍ണറുടെ നടപടികളോട് പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ നിയമനത്തിൽ ഗവര്‍ണര്‍ ചെയ്‌തതും സര്‍ക്കാര്‍ ചെയ്‌തതും തെറ്റാണെന്ന് സുപ്രീം കോടതി വിധി വന്നിട്ടുണ്ട്. വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് കൊടുക്കാനോ സെര്‍ച്ച് കമ്മിറ്റി റദ്ദാക്കണമെന്ന് ആവശ്യപ്പെടാനോ സാധിക്കില്ല. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് സുപ്രീംകോടതി വിധിയിലും വന്നതെന്ന് അദ്ദേഹം സഭയിൽ സൂചിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമലംഘനം നടത്തിയെന്നാണ് വിധിയില്‍ പറയുന്നതെന്നും, മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്നും സതീശൻ പറഞ്ഞു. സുപ്രീം കോടതി വിധി വന്നിട്ടും മന്ത്രിയോട് രാജി ആവശ്യപ്പെട്ടില്ലെന്നും സര്‍ക്കാര്‍ ഗവർണർക്കൊപ്പം തെറ്റ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.